കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്ക് പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്ന് പരിശോധിക്കണമെന്ന് ഹൈകോടതി. ആദ്യ മൊഴിയിൽ ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നു എന്ന് മനസ്സിലാകും. ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടോ എന്നും കോടതി ചോദിച്ചു. പീഡനക്കേസിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സർക്കാറിന്റെയും പരാതിക്കാരിയുടെയും ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
അതിജീവിതയുടെ മൊഴി സംബന്ധിച്ച് കോടതി ചില സംശയങ്ങൾ ഉന്നയിച്ചു. ആദ്യ ഘട്ടത്തിൽ പരസ്പര സമ്മത പ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് അതിജീവത പറയുന്നു. പിന്നീട് എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്ന് പരാതിപ്പെടുന്നു. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന സംശയം ജസ്റ്റിസ് കൗസർ എടപ്പകത്ത് ഉന്നയിച്ചു. സംഭവിച്ചതെല്ലാം പ്രോസിക്യൂഷനും അതിജീവിതയും വിവരിച്ചപ്പോൾ സിനിമാക്കഥ കേൾക്കുന്നത് പൊലെ തോന്നുന്നെന്ന് കോടതി പ്രതികരിച്ചു. എന്നാൽ, ഇത് കഥയല്ലെന്നും യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളാണെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി ഓർമിപ്പിച്ചു. പരാതിക്കാരിയെ കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വെച്ച് തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു.
എല്‍ദോസ് കുന്നപ്പിള്ളിക്കായി കോടതിയിൽ ഹാജരായ അഭിഭാഷകർക്കെതിരായ നടപടികൾ തടഞ്ഞ കോടതി, അഭിഭാഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ ഈ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്നും അറിയിച്ചു. വഞ്ചിയൂർ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് എൽദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. പ്രതിക്ക് നിയമസഹായം നൽകുന്നതിൽനിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസെടുത്തിരിക്കുന്നതെന്ന വാദമാണ് അഭിഭാഷകർ ഉയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.