എം.പി സ്ഥാനം രാജിവെച്ചത് രാഷ്ട്രീയ തീരുമാനം -ജോസ് കെ. മാണി

പാലക്കാട്: രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചത് രാഷ്ട്രീയ തീരുമാനമെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. എം.പി സ്ഥാനത്തെ രാജി ഹൈകോടതിയിലെ കേസിനെ പ്രതികൂലമായി ബാധിക്കില്ല. പാലാ സിറ്റിന്‍റെ കാര്യത്തിൽ ഇടതുമുന്നണിയിൽ ചർച്ച നടന്നിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ട്. താൻ മൽസരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. 

കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ നിര്‍ണ്ണായകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച വേളയില്‍ തന്നെ പാര്‍ട്ടിയുടെ കൈവശമുള്ള രാജ്യസഭാ സീറ്റ് രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതായി ജോസ് കെ. മാണി പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവും സംബന്ധിച്ച നിയമപോരാട്ടങ്ങള്‍ നിലനിന്നിരുന്നതിനാല്‍ രാജിക്ക് സാങ്കേതികമായ തടസ്സങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷൻെറയും, കേരളാ ഹൈക്കോടതിയുടേയും വിധി അനുകൂലമായ സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ നേരിട്ടെത്തി രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതിക്ക് രാജ്യസഭാംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് സമര്‍പ്പിച്ചത്. ഒരു എം.പി എന്ന നിലയില്‍ എല്ലാ പിന്തുണയും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ജോസ് കെ. മാണി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് മുന്നോടിയായാണ് രാജി പ്രഖ്യാപനമെന്ന് റിപ്പോർട്ട്. പാലാ സീറ്റിൽ നിന്ന് ജോസ് നിയമസഭയിലേക്ക് മൽസരിക്കുമെന്നാണ് വിവരം. അതേസമയം, കടുത്തുരുത്തിയിൽ മൽസരിക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകർ മുന്നോട്ടുവെച്ചിട്ടുണ്ട്.

ജോസ് കെ. മാണിയുടെ രാജിവഴി ഒഴിവുവന്ന രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് തന്നെ എൽ.ഡി.എഫ് നൽകുമെന്നാണ് വിവരം. ഗുജറാത്തിലെ രാജ്യസഭ ഉപതെരഞ്ഞെടുപ്പിനൊപ്പം ഈ സീറ്റിലും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.