കോഴിക്കോട്: ഐക്യപ്പെടാൻ കാരണമില്ലെങ്കിലും സങ്കൽപത്തിൽ അതുണ്ടാക്കി ഐക്യപ്പെടേണ്ട കാലമാണിതെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. മുസ്ലിം സർവിസ് സൊസൈറ്റി ആഭിമുഖ്യത്തിലുള്ള സി.എൻ. അഹമ്മദ് മൗലവി എം.എസ്.എസ് എൻഡോവ്മെന്റ് അവാർഡ് മുഹമ്മദ് ശമീമിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുതരം അഭിപ്രായവ്യത്യാസമുണ്ടായാലും നൂറ്റിയൊന്നാമതായി സത്യത്തിൽ കാരണമില്ലെങ്കിലും സങ്കൽപത്തിൽ അതുണ്ടാക്കി ഐക്യപ്പെടേണ്ട കാലത്താണ് നാം ജീവിക്കുന്നത്. പ്രധാനമന്ത്രി പോലും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 170 പ്രഭാഷണം നടത്തിയതിൽ 110ഉം പ്രകോപനപരമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് കണ്ടെത്തിയ കാലമാണിത്. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസംഗംപോലും 50 ശതമാനത്തിലേറെ പ്രകോപനമാവുമ്പോൾ ധൈഷണികമായ സൂക്ഷ്മത പുലർത്തിവേണം ആശയങ്ങൾ അവതരിപ്പിക്കാൻ. വെറുപ്പ് കലരാത്ത ഏത് വാക്കും സ്വയമേവ തിളങ്ങുമെന്നും കെ.ഇ.എൻ പറഞ്ഞു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തി.
സി.എൻ അനുസ്മരണം പി.ടി. കുഞ്ഞാലി നടത്തി. എ.പി. കുഞ്ഞാമു, എം.എസ്.എസ് ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മദ് കോയ എന്നിവർ സംസാരിച്ചു. എം.എസ്.എസ് പ്രസിഡന്റ് ഡോ.പി. ഉണ്ണീൻ അധ്യക്ഷതവഹിച്ചു. എൻഡോവ്മെന്റ് കമ്മിറ്റി ചെയർമാൻ ജമാൽ കൊച്ചങ്ങാടി സ്വാഗതവും കൺവീനർ കെ.പി.യു. അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.