കണ്ണൂര്‍: കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ചയുടെ പ്രകടനം. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെയാണ് കൊലവിളി മുദ്രാവാക്യം വിളി നടത്തിയത്. കണ്ണൂര്‍ അഴീക്കോട് നടന്ന യുവമോർച്ച പ്രകടനത്തിലാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ചത്.
ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. ‘30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി’യെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം തുടങ്ങുന്നത്.
പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രകടനം നടന്നത്. ബി.ജെ.പിയുടെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ തെളിവാണ് ഇതെന്നും താൻ അവിടം വിട്ടത് ശരിയായ തീരുമാനമായിരുന്നുവെന്ന് വ്യക്തമായെന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
തന്നെ ഒറ്റുകാരനെന്ന് വിളിക്കുന്നവരോട്, യഥാർത്ഥ ഒറ്റുകാരുള്ളത് ബി.ജെ.പി ഓഫീസിനുള്ളിലാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. വെറുപ്പിന്റെ ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലെത്തിയിരിക്കുകയാണെന്നാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ പറഞ്ഞത്. തുടർന്ന്, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി േവാട്ടിൽ വൻ തോതിൽ ചോർച്ചയുണ്ടായിരിക്കുകയാണ്.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. ഏറെ പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് മണ്ഡലം നഷ്ടമായ സാഹചര്യത്തിൽ ബി.ജെ.പിക്കകത്ത് അസ്വാരസ്യങ്ങൾ പുകയുകയാണ്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഫാഷിസ്റ്റ് സമീപനമാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് മറുവിഭാഗത്തിന്റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.