കോഴിക്കോട്: ഏത് കൊടുങ്കാറ്റിലും ഉലയാതെ നിൽക്കുന്ന ലീഗ് കോട്ടകളും ഇക്കുറി ഇളകി. സംസ്ഥാനത്തൊട്ടാകെ ആഞ്ഞടിച്ച ഇടതു സുനാമിയിൽ മലപ്പുറത്തെയും കാസർകോട്ടെയും സിറ്റിങ് സീറ്റുകൾ നിലനിർത്തിയത് മാത്രമാണ് ആശ്വാസം. അന്തിമ ചിത്രം ചിത്രം തെളിയുേമ്പാൾ 22 സീറ്റുകളോളം പ്രതീക്ഷിച്ചിരുന്ന ലീഗിന് സ്വന്തമാക്കാനായത് 15 സീറ്റുകൾ മാത്രമാണ്. മലപ്പുറം ജില്ലയിൽ നിന്നും നേടിയ 11സീറ്റുകളും കാസർകോട്ട് നിന്നുള്ള രണ്ടുസീറ്റുകളുമാണ് ലീഗിനെ ഇടതുതരംഗത്തിലും പിടിച്ചുനിർത്തിയത്. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് അബ്ദുസമദ് സമദാനി ലോക്സഭയിേലക്ക് വിജയിച്ചതും ആശ്വാസമായി.
ഏറെ പ്രതീക്ഷവെച്ചിരുന്ന കോഴിക്കോട് ജില്ലയിൽ കനത്ത തിരിച്ചടിയാണ് ലീഗിന് നേരിട്ടത്. കാൽനൂറ്റാണ്ടിന് ശേഷം വനിത സ്ഥാനാർഥിയെ പരീക്ഷിച്ച കോഴിക്കോട് സൗത്ത്, കനത്ത വിജയപ്രതീക്ഷ പുലർത്തിയിരുന്ന തിരുവമ്പാടി, കുന്ദമംഗലം എന്നിവയും ലീഗിനെ കൈവിട്ടു. സിറ്റിങ് സീറ്റായ കുറ്റ്യാടിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാറക്കൽ അബ്ദുല്ലയും അടിയറവ് പറഞ്ഞു. ലീഗിന്‍റെ സമുന്നത നേതാവും പ്രതിപക്ഷ നേതാവുമായ എം.കെ മുനീർ കൊടുവള്ളി സീറ്റ് തിരിച്ചുപിടിച്ചത് മാത്രമാണ് ജില്ലയിൽ ലീഗിന് ഏക ആശ്വാസം.
ലീഗിന്‍റെ തീപ്പൊരി നേതാവും അണികളുടെ ആവേശവുമായ കെ.എം ഷാജിക്ക് അഴീക്കോട്ടും യുവനേതാവ് പി.കെ ഫിറോസിന് താനൂരിലും അടിപതറിയത് ലീഗിന് കനത്ത തിരിച്ചടിയായി. അവസാന ലാപ്പുവരെ മാറിമറിഞ്ഞ ഫലത്തിനൊടുവിൽ പെരിന്തൽമണ്ണയിൽ വെറും 30ഓളം വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചുകയറിയത്.
ലീഗിന്‍റെ ഉറച്ച കോട്ടയായ കളമശ്ശേരിയിൽ സി.പി.എമ്മിലെ പി.രാജീവ് 10000ത്തിലേറെ വോട്ടുകൾക്ക് വിജയിച്ചുകയറിയപ്പോൾ അട്ടിമറി പ്രതീക്ഷയുണ്ടായിരുന്ന ഗുരുവായൂർ എൽ.ഡി.എഫ് അനായാസം കീശയിലാക്കി. ഇടതു തരംഗത്തിലും മണ്ണാർക്കാട് വീഴാതെ കാത്ത എൻ.ഷംസുദ്ദീൻ ലീഗിനെ വൻ പതനത്തിൽ നിന്നും പിടിച്ചുനിർത്തി. തുടർച്ചയായ രണ്ടാംതവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുന്നത് ലീഗിന് വലിയ അസ്തിത്വ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്. ലോക്സഭയിൽ നിന്നും രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച കുഞ്ഞാലിക്കുട്ടിയടക്കമുള്ളവരും വലിയ രാഷ്ട്രീയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.