ഇടത് സർക്കാർ തന്നെ തഴഞ്ഞുവെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: ലോകത്തെ പ്രധാന വ്യവസായമാണ് ഡാം വ്യവസായമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. തീരദേശം നശിപ്പിച്ചത് ഡാമുകളാണ്. മലനാടും തീരദേശവും തമ്മിലെ പ്രകൃതിബന്ധം ഡാമുകൾ ഇല്ലാതാക്കി. ഡാമിന് വേണ്ടി വാദിക്കുന്നവർ എപ്പോഴും ലാഭം കൂട്ടിക്കാണിക്കുകയും ചെലവു കുറച്ചു കാണിക്കുകയും ചെയ്യുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.

പ്രകൃതി ദുരന്തങ്ങളിൽ മരണം കൂടുന്നതിന് കാരണം അഴിമതിയാണ്. ദുരന്തം അഴിമതിക്കുള്ള അവസരം കൂടിയാണ്. കാര്യങ്ങൾ പെട്ടെന്ന് ചെയ്യുമ്പോൾ അഴിമതിക്ക് സാധ്യത കൂടും. അഴിമതിക്ക് സാധ്യതയുള്ള പദ്ധതികൾ മാത്രമേ പുനരുദ്ധാരണത്തിൽ നടപ്പിലാവുകയുള്ളൂ.

ജാഗ്രതാ മുന്നറിയിപ്പ് ശേഷി വർധിപ്പിക്കണം. പ്രകൃതി എന്താണെന്ന് ഒരു വിവരവുമില്ലാത്തവരാണ് നമ്മെ നയിക്കുന്നതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

കന്യാസ്ത്രീയെ മഠത്തിൽ പീഡിപ്പിക്കുന്നത് ലോക്കപ്പ് പീഡനം പോലെയെന്ന് ജേക്കബ് തോമസ് പറഞ്ഞു. ജലന്ധർ ബിഷപ്പിന്‍റേത് ഹീനകൃത്യമാണ്. ബിഷപ്പിന്‍റെ അറസ്റ്റ് അനിവാര്യമാണ്. കന്യാസ്ത്രീകൾ സമരം ചെയ്യേണ്ടി വരുമ്പോൾ ഇത് സുരക്ഷിത കേരളമെന്ന് പറയാൻ സാധിക്കുമോ എന്ന് ചോദിച്ച ജേക്കബ് തോമസ് അരക്ഷിത കേരളമാണെന്ന് വ്യക്തമാക്കി.

ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനാണ് പുനർനിർമാണത്തിൽ ആദ്യ ശ്രദ്ധ കൊടുക്കേണ്ടത്. ഇതിന് മലയാളികൾ തന്നെ മതി, വിദേശ ഏജൻസികൾ നിർബന്ധമില്ല. കാര്യശേഷിയുള്ള മലയാളികൾ രാജ്യത്തും പുറത്തുമുണ്ട്. പ്രളയത്തിൽ മരിച്ചവർ തങ്ങൾ മരിക്കേണ്ടവരായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. കേരളം അതിന് മറുപടി പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടത് സർക്കാർ തന്നെ തഴഞ്ഞുവെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ സംവിധാനത്തിൽ താൻ ഫിറ്റല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തത് തൊട്ടാണ് താൻ അനഭിമതനായത്. എന്നാൽ, വേട്ടയാടപ്പെടുന്നതായി കരുതുന്നില്ല, ഞാനിത്​ ആസ്വദിക്കുന്നു. സർക്കാറിന്‍റെ അഴിമതി വിരുദ്ധത ജനങ്ങൾക്ക് അനുഭവപ്പെടണമെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - Jacob Thomas Dam Industry -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.