വിജിലന്‍സ് ഡയറക്ടറെ നിയമക്കുരുക്കില്‍‘തളച്ച്’ പുറത്താക്കാന്‍ നീക്കം

തിരുവനന്തപുരം: ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ അഴിമതി ആരോപണക്കേസുകളില്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെ നിയമക്കുരുക്കില്‍പെടുത്തി പുറത്താക്കാന്‍ നീക്കം. അടുത്തിടെ ആരോപണവിധേയരാവുകയും വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇതിനുപിന്നില്‍. പ്രതിപക്ഷത്തെ ചില മുന്‍നിര നേതാക്കളും ഭരണപക്ഷത്തെ ഒരുവിഭാഗവും ഇവര്‍ക്കൊത്താശ ചെയ്യുന്നുണ്ട്. ഇതിന്‍െറ ആദ്യപടിയായാണ് തുറമുഖവകുപ്പുമായി ബന്ധപ്പെട്ട ധനകാര്യപരിശോധനാ റിപ്പോര്‍ട്ട് വിവാദമാക്കുന്നത്. വിഷയം കോടതിയിലത്തെിച്ച് ജേക്കബ് തോമസിനെ വിജിലന്‍സ് തലപ്പത്തുനിന്ന് മാറ്റാനുള്ള സാധ്യതകള്‍ ഐ.എ.എസ് ലോബി തേടുന്നതായാണ് വിവരം.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ധനവകുപ്പ് നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് കഴിഞ്ഞദിവസം ചര്‍ച്ചയായത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചതില്‍ വീഴ്ചസംഭവിച്ചെന്നും സര്‍ക്കാറിന് നഷ്ടംവരുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടിക്കും ശിപാര്‍ശയുണ്ട്. എന്നാല്‍, കെ.എം. മാണിയുടെ താല്‍പര്യപ്രകാരം തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധമാണെന്നാണ് ജേക്കബ് തോമസിന്‍െറ നിലപാട്.

ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചിലാണ് ധനവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്മേല്‍ നടപടിയാകുംമുമ്പ് തെരഞ്ഞെടുപ്പ് വിഞ്ജാപനം വന്നു. ഭരണമാറ്റം വന്നതോടെ റിപ്പോര്‍ട്ട് ചുവപ്പുനാടയില്‍ കുരുങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തത്തെുന്നത്. ലഭ്യമായ പരാതികളിലെല്ലാം അന്വേഷണവുമായി അദ്ദേഹം മുന്നോട്ടുപോയതോടെ പ്രതിപക്ഷ നേതാക്കള്‍ പലരും വെട്ടിലായി.

ചക്കിട്ടപ്പാറ, മലബാര്‍ സിമന്‍റ്സ് കേസുകള്‍ പരോക്ഷമായും ബന്ധുനിയമന വിവാദം പ്രത്യക്ഷമായും ഭരണപക്ഷത്തേക്കാണ് നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഭരണപക്ഷത്തെ ഒരുവിഭാഗവും ജേക്കബ് തോമസിനെതിരായി. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍െറ പൂര്‍ണപിന്തുണയാണ് വിജിലന്‍സ് ഡയറക്ടര്‍ക്കുള്ളത്.
ഈ സാഹചര്യത്തിലാണ് കോടതി നടപടികളിലൂടെ ജേക്കബ് തോമസിനെ പുറത്താക്കാന്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

Tags:    
News Summary - jacob thomas ips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.