ആലുവ: സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പൊലീസ് ഇടപെടല്‍ ഫലപ്രദമല്ളെന്ന് ബോധ്യപ്പെട്ടാല്‍ വിജിലന്‍സില്‍ പരാതിപ്പെടാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആലുവ യു.സി കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചിട്ടി തട്ടിപ്പുകേസുകളില്‍ സ്ഥാപനങ്ങള്‍ക്ക് പാപ്പര്‍ഹര്‍ജി നല്‍കാന്‍ കഴിയുന്നതരത്തില്‍ ചില ഒത്തുകളികള്‍ പലപ്പോഴും പൊലീസ് നടത്തുന്നുണ്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയായി, ഇത്തരം വേളകളില്‍ രേഖാമൂലം വിജിലന്‍സിന് പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ കഴിയുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ചിട്ടിനടത്തിപ്പിലൂടെ സമ്പാദിച്ച പണം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തിയെന്നതുള്‍പ്പെടെ ഫലപ്രദമായ അന്വേഷണം പലപ്പോഴും നടത്തുന്നില്ല. അതിനാല്‍ തട്ടിപ്പിനിരകളായവര്‍ക്ക് നഷ്ടപ്പെട്ട പണം ലഭിക്കാതെ പോവുകയുമാണ്. ഇത്തരം കേസുകള്‍ ലോക്കല്‍പൊലീസാണ് അന്വേഷിക്കുന്നത്. എന്നാല്‍, അന്വേഷണത്തില്‍ പ്രതികളെ രക്ഷപ്പെടുത്തുന്ന തരത്തില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് ചേര്‍ക്കുന്നതെങ്കില്‍ അത് അഴിമതിയുടെ ഭാഗമായി സംശയിച്ചേക്കാം.
സ്വാശ്രയകോളജുകളില്‍ ഉള്‍പ്പെടെ തലവരിപ്പണമോ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ഫീസിനുപുറമെ മറ്റെന്തെങ്കിലും തുകയോ ഈടാക്കുന്നുണ്ടെങ്കില്‍ അത് അഴിമതിയായി കണക്കാക്കും. നിയമനത്തിലും പ്രവേശനത്തിലും അന്യായമായി പണം ഈടാക്കുന്നതുള്‍പ്പെടെ അഴിമതിയുടെ പരിധിയില്‍വരുമെന്ന് ബോധ്യപ്പെടുത്തുന്ന ബോര്‍ഡുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ വിജിലന്‍സ് സ്ഥാപിക്കും. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യും. പല സംഭവങ്ങളിലും പരാതി നല്‍കാന്‍ പലരും മുന്നോട്ടുവരാത്തതാണ് വിജിലന്‍സിന് പ്രശ്നമാകുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു.
പെരിയാര്‍ നദിയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. മാലിന്യമൊഴുക്കുന്ന കമ്പനികളുടെ പ്രവൃത്തി മനുഷ്യാവകാശ ലംഘനം കൂടിയാണ്. എല്ലാ ജില്ലകളിലും പരിസ്ഥിതി സംഘടനകളുടെ കൂടി സഹകരണത്തോടെ ഇത്തരം മലിനീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കുന്ന സംവിധാനം വിജിലന്‍സ് ഏര്‍പ്പെടുത്തും. പത്തനംതിട്ടയില്‍ ഇത് നടപ്പാക്കിക്കഴിഞ്ഞതായും ജേക്കബ് തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.