ലോക മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാനൊരുങ്ങി മുന്‍ എം.എല്‍.എ

കൊച്ചി: മുന്‍ എം.എല്‍.എ എം.ജെ. ജേക്കബ് കഠിന പരിശീലനത്തിലാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള മുന്നൊരുക്കമാണിതെന്ന് കരുതിയവര്‍ക്ക് തെറ്റി. ആസ്ട്രേലിയയിലെ പെര്‍ത്തില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ മെഡല്‍ ലക്ഷ്യമിട്ടാണ് പരിശീലനം. പ്രായം 75 കടന്നിട്ടും അദ്ദേഹത്തിന്‍െറ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ഒരു കുറവുമില്ല. ചെറുപ്പക്കാരെ വെല്ലുന്ന രീതിയിലാണ് മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ മുന്‍ എം.എല്‍.എയുടെ പരിശീലനമുറകള്‍.
25നാണ് അത്ലറ്റിക് മീറ്റ് ആരംഭിക്കുന്നത്. നവംബര്‍ ആറു വരെ നീളും. ജേക്കബ് അടക്കം കേരളത്തില്‍നിന്ന് ഒമ്പതു പേരാണ് ആസ്ട്രേലിയയിലേക്ക് പറക്കുന്നത്. ലോങ്ജംപ്, ട്രിപ്ള്‍ ജംപ്, 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ് എന്നീ ഇനങ്ങളിലാണ് ജേക്കബ് ഇറങ്ങുന്നത്. 2014ല്‍ ജപ്പാനില്‍ നടന്ന മാസ്റ്റേഴ്സ് ഏഷ്യന്‍ മീറ്റില്‍ 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും ട്രിപ്ള്‍ ജംപില്‍ വെങ്കലവും അദ്ദേഹം നേടിയിരുന്നു. മണിമലക്കുന്ന് ഗവ. കോളജ് സ്റ്റേഡിയത്തിലാണ് പരിശീലനം. സ്പോര്‍ട്സ് തന്‍െറ രക്തത്തിലുള്ളതാണെന്ന് ജേക്കബ് പറയുന്നു. 1962ല്‍ കേരള യൂനിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡ്ല്‍സ്, 1500 മീ. ചാമ്പ്യനായിരുന്നു. ഏറെക്കാലം തന്‍െറ റെക്കോഡ് ഭേദിക്കപ്പെട്ടില്ല. എം.എക്ക് പഠിക്കുന്ന സമയത്താണ് കാളയോട്ട മത്സരത്തിനിടെ കാളവണ്ടിയുടെ ചക്രം കയറി അപകടം സംഭവിക്കുന്നത്. ഇനി സ്പോര്‍ട്സിലേക്കിറങ്ങരുതെന്ന് ഡോക്ടര്‍ കര്‍ശനമായി വിലക്കിയതോടെ കായിക സ്വപ്നങ്ങള്‍ അവസാനിച്ചു. എങ്കിലും വ്യായാമം മുടക്കാറില്ല. വീട്ടില്‍നിന്ന് പുലര്‍ച്ചെയിറങ്ങി നാല് കിലോമീറ്റര്‍ നടക്കും. തിരിച്ച് അത്രയും കിലോമീറ്റര്‍ ഓടും. അതാണ് ആരോഗ്യത്തിന്‍െറ രഹസ്യം.
എം.എല്‍.എ ആയതിനുശേഷമാണ് വീണ്ടും കായികരംഗത്ത് വരുന്നത്. നിയമസഭയുടെ 50ാം വാര്‍ഷികാഘോഷ വേളയില്‍ എം.എല്‍.എമാര്‍ക്കായി സംഘടിപ്പിച്ച മീറ്റില്‍ സീനിയര്‍ ചാമ്പ്യനായിരുന്നു. ഇനി പെര്‍ത്തില്‍ മികച്ച പ്രകടനമാണ് ലക്ഷ്യം - എം.ജെ. ജേക്കബ് പറഞ്ഞു.

ആസ്ട്രേലിയയില്‍ നടക്കുന്ന ലോക മാസ്റ്റേഴ്സ് മ ീറ്റിന്എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന മുന്‍ എം.എല്‍.എ എം.ജെ. ജേക്കബ്

Tags:    
News Summary - jacob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.