തിരുവനന്തപുരം: ജൽജീവൻ മിഷൻ പദ്ധതിക്കായി 12,000 കോടി രൂപ ജല അതോറിറ്റിയെകൊണ്ട് വായ്പയെടുപ്പിക്കാനുള്ള നീക്കം വിവാദമായിരിക്കെ പദ്ധതിക്ക് 380 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു. കേന്ദ്ര വിഹിതമായ 387 കോടി രൂപ അനുവദിച്ചതിനു പിന്നാലെയാണ് സംസ്ഥാനവിഹിതം കേരളം അനുവദിച്ചത്. അതേസമയം, ജൽ ജീവൻ മിഷനായി 12,000 കോടി രൂപ വായ്പയെടുക്കാനുള്ള നടപടികൾക്കെതിരെ ജല അതോറിറ്റിയിൽ അമർഷം പുകയുകയാണ്. ഭരണപക്ഷ അനൂകൂല സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് സമരപരിപാടികൾക്ക് തീരുമാനിച്ചു. ജലഅതോറിറ്റിയുടെ വരുമാനത്തിൽനിന്ന് 12,000 കോടിയുടെ തിരിച്ചടവ് അസാധ്യമാണെന്നിരിക്കെ ഇതിനു സന്നദ്ധത അറിയിച്ചതിനെതിരെ നവംബർ 12ന് മാർച്ചും ധർണയുമടക്കമുള്ള സമരപരിപാടികളാണ് സംഘടിപ്പിക്കുക. ജൽ ജീവൻ മിഷൻ കണക്ഷനുകളിൽനിന്നുള്ള വരുമാനം പിരിച്ചെടുത്ത് വായ്പയടക്കാൻ തീരുമാനിച്ചാൽ ശമ്പളവും പെൻഷനും മുടങ്ങുന്നതിനു പുറമേ, ദൈനംദിന പ്രവർത്തനങ്ങൾക്കു പോലും പണം തികയാത്ത സ്ഥിതി വരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആസൂത്രമണമില്ലാതെയുള്ള കടമെടുപ്പിലൂടെ പ്രതിസന്ധിയിലേക്ക് പോയ കെ.എസ്.ആർ.ടി.സിയുടെ അവസ്ഥയിലേക്കാണ് മാനേജ്മെന്റ് ജല അതോറിറ്റിയെ എത്തിക്കുന്നതെന്ന വിമർശനം വ്യാപകമാണ്.
ഭാരിച്ചതുക കടമെടുക്കുന്ന വിഷയത്തിൽ ജലവിഭവവ വകുപ്പിൽനിന്നോ സംസ്ഥാന സർക്കാറിൽനിന്നോ പ്രതികരണമുണ്ടായിട്ടില്ല. ജൽ ജീവൻ മിഷന് 40,000 കോടി രൂപയാണ് ആകെ ചെലവ്. 10,853 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ അനുവദിച്ചത്.
50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനകം 55 ശതമാനത്തോളം കണക്ഷൻ നൽകി. ശേഷിക്കുന്ന കണക്ഷനുകൾ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് അപ്രായോഗികമാണ്. കുടിശ്ശിക നൽകാത്തതിനാൽ കരാറുകാർ സഹകരിക്കാത്തതടക്കം പ്രതികൂല അന്തരീക്ഷമാണ് പദ്ധതി നടത്തിപ്പിന് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.