മലപ്പുറം: സീനിയോറിറ്റി പ്രകാരമേ കരാറുകാർക്ക് ബിൽ തുക നൽകാവൂ എന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെ ജല ജീവൻ മിഷൻ പദ്ധതിയിലെ കരാറുകാർക്ക് ചട്ടം മറികടന്ന് ബില്ലുകൾ പാസാക്കിക്കൊടുക്കാൻ ഗൂഢാലോചനയെന്ന് പരാതി. കരാറുകാർക്കിടയിലെ കിടമത്സരത്തിന് ഉന്നതോദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു എന്നാണ് പരാതി. ചെറുകിട കരാറുകാരാണ് ഇതിൽ പ്രതിസന്ധി അനുഭവിക്കുന്നത്. കേന്ദ്രസർക്കാറിൽ നിന്ന് 300 കോടിയോളം രൂപ അനുവദിച്ചു കിട്ടിയിട്ടുണ്ട്. ഈ തുക വൻകിട കരാറുകാർക്ക് അടിയന്തര സാഹചര്യങ്ങളുള്ള ജോലിയുടെ പേരിൽ അനുവദിക്കാനാണ് നീക്കം. ഇത് ഹൈകോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് ഒരുവിഭാഗം കരാറുകാർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ 4,000 കോടിയുടെ കുടുശ്ശികയാണ് സംസ്ഥാനത്തെ കരാറുകാർക്കുള്ളത്. പ്രതിസന്ധികളോടെ മുന്നോട്ട് പോകുന്ന ജല ജീവൻ മിഷൻ പദ്ധതിയെ കൂടുതൽ പ്രധിസന്ധിയിലാക്കാന്നതാണ് പുതിയ നീക്കമെന്ന് കരാറുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ കരാറുകാർക്ക് പണം നൽകാൻ കഴിയാത്തതിനാൽ കേരള വാട്ടർ അതോറിറ്റി ക്ലോസ് ചെയ്ത ബില്ലുകൾ സീനിയോറിറ്റി പ്രകാരം ക്രമീകരിച്ച് ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരം ഓരോ ബില്ലും ലിസിറ്റിൽ അപ്ഡേറ്റ് ചെയ്യുന്ന സമയം കണക്കിലെടുത്താണ് സീനിയോറിറ്റി നിർണയിക്കുന്നത്. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുമ്പോൾ സീനിയോറിറ്റി പ്രകാരം അർഹതപ്പെട്ടവർക്ക് ബിൽ തുക ലഭിക്കും. സീനിയോറിറ്റി പ്രകാരം മാത്രമേ ബിൽ തുക നൽകാൻ പാടുള്ളൂ എന്ന ഹൈകോടതി ഉത്തരവ് നിലവിലുണ്ട്.
ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ സ്പെഷ്യൽ അസ്സിസ്റ്റൻസ് വഴി ലഭിക്കുവാനുള്ള തുക സീനിയോറിറ്റി മറികടന്ന് കുത്തക കരാറുകാർക്ക് കൊടുക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി വമ്പൻ കരാറുകാർ ചെയ്യുന്ന വർക്കുകൾ എമർജൻസിയായി തീർക്കേണ്ടതാണെന്ന് വരുത്തിത്തീർത്ത് ബിൽ തുക നൽകുവാനാണ് ശ്രമിച്ചു വരുന്നത്. വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റുകൾ, വെൽ കം പമ്പ് ഹൗസുകൾ തുടങ്ങിയവയാണ് ഈ ഗണത്തിൽ പെടുന്നത്.
ഇവ തയാറായാൽ മാത്രമേ സമയബന്ധിതമായി കുടിവെള്ളം ലഭിക്കൂ എന്നാണ് ഈ അട്ടിമറിയെ ന്യായീകരിക്കാനുള്ള വാദം. എന്നാൽ മേൽപ്പറഞ്ഞ കമ്പോണന്റ്സ് തയാറായാലും വെള്ളം വിതരണം ചെയ്യുന്നതിന് പൈപ്പ് ലൈനുകൾ അനിവാര്യമാണ്. കൂടാതെ ഒരു പഞ്ചായത്തിന് വേണ്ടിയുള്ള ജലജീവൻ മിഷൻ പദ്ധതിയെ സംബന്ധിച്ച് 80 ശതമാനത്തോളം തുക അതിന്റെ പൈപ് ലൈനിനും അതിനോടനുബന്ധിച്ചുള്ള റോഡ് പുനർനിർമാണത്തിനും വേണ്ടിയാണ് വകയിരുത്തുക. ഈ വസ്തുതകളെയെല്ലാം മറികടന്ന് ബാക്കിയുള്ള ന്യായമായി തുക ലഭിക്കേണ്ട കരാറുകാരെയെല്ലാം ദുരിതത്തിലാക്കി ഫണ്ട് പാസാക്കിയെടുക്കാനാണ് വമ്പൻ കരാറുകാർ ശ്രമിക്കുന്നത്.
ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ നിലവിൽ പൈപ്പ് ലൈൻ സ്ഥാപിച്ച റോഡുകളുടെ പുനർനിർമാണത്തിനും പുതുതായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനും ഫണ്ട് ലഭിക്കാതെ വരികയും ബാക്കിയുള്ള കരാറുകാർ കടക്കെണിയിലായി മുന്നോട്ടുള്ള പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് ഒരു വിഭാഗം കരാറുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.