കൊച്ചി: കഴിഞ്ഞയാഴ്ച മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫിസിൽ രണ്ടു ദിവസം ചോദ്യം ചെയ്യലിനു ഹാജരായി മടങ്ങിയ മന്ത്രി കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ''മറച്ചുവെക്കേണ്ടത് മറച്ചുവെച്ചും പറയേണ്ടത് പറയേണ്ടവേരാട് പറഞ്ഞുമാണ് എല്ലാ ധർമയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്... ഞങ്ങളറിയാതെ ഇവിടെ ഒരു ഇൗച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിെൻറ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാകില്ല''.
എന്നാൽ, ഔദ്യോഗിക വാഹനവും അകമ്പടിയും ഒഴിവാക്കി കൊച്ചി ഗിരിനഗറിലെ എൻ.ഐ.എ ഓഫിസിൽ വ്യാഴാഴ്ച പുലർച്ച ചോദ്യം ചെയ്യലിനു ഹാജരായ ജലീൽ കാര്യങ്ങൾ മറച്ചുവെക്കാൻ ആസൂത്രിതമായി നടത്തിയ 'ധർമയുദ്ധ'ത്തിനേറ്റ പ്രഹരം അദ്ദേഹത്തിനും മറക്കാനാവാത്തതാകും.
ഈ മാസം 10, 11 തീയതികളിലായി 10 മണിക്കൂറിലധികം ജലീലിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസത്തിനകം എൻ.ഐ.എയും ചോദ്യം ചെയ്യുമെന്ന സൂചന കഴിഞ്ഞ ദിവസം ഉണ്ടായി. എൻ.ഐ.എ അധികൃതർ ജലീൽ നൽകിയ മൊഴികൾ ബുധനാഴ്ച കൊച്ചി എൻഫോഴ്സ്മെൻറ് ഓഫിസിലെത്തി പരിശോധിച്ചതോടെ ഇത് ഉറപ്പായി. ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻ.ഐ.എയുടെ നോട്ടീസ് ലഭിച്ചതു മുതൽ സംഗതി അതീവരഹസ്യമാക്കാനും ജലീൽ ശ്രമം തുടങ്ങി.
അർധരാത്രി കൊച്ചിയിലെ ഓഫിസിൽ എത്താമെന്ന് അദ്ദേഹം അറിയിച്ചെങ്കിലും എൻ.ഐ.എ സമ്മതിച്ചില്ല. ഓൺലൈനിൽ ചോദ്യം ചെയ്യണമെന്ന അഭ്യർഥനയും നിരസിച്ചു. എന്നാൽ, രാവിലെ ആറിന് എത്താമെന്നായി. അത് അനുവദിച്ചു. ബുധനാഴ്ച രാത്രി പത്തിന് തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയിൽനിന്ന് ആരോടും പറയാതെ കൊച്ചിയിലേക്ക് തിരിച്ചു. അകമ്പടി വാഹനം ഒഴിവാക്കിയായിരുന്നു യാത്ര.
പുലർച്ച ഒന്നരക്കുതന്നെ വിളിച്ച് എൻ.ഐ.എ ഓഫിസിൽ പോകാൻ കാറും ഡ്രൈവറും നാലരക്ക് കളമശ്ശേരി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ എത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടതായി മുൻ എം.എൽ.എ എ.എം. യൂസുഫ് പറഞ്ഞു. കളമശ്ശേരിയിൽനിന്ന് യൂസുഫിെൻറ കെ.എൽ 07സി.ഡി 6444 നമ്പർ കാറിലായിരുന്നു യാത്ര.
വിവരം പുറത്തറിയാതിരിക്കാൻ ഉദ്യോഗസ്ഥർ എത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് രാവിലെ 5.40ന് എൻ.ഐ.എ ഓഫിസിനു മുന്നിലെത്തിയ മന്ത്രി അവിടെ മാധ്യമപ്രവർത്തകരെയും ചാനൽ കാമറകളും കണ്ട് ഒരു നിമിഷം അമ്പരന്നു. അപ്പോൾ ഓഫിസിലെ സുരക്ഷാ ജീവനക്കാർ ഉണർന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ.
അവരെത്തി ഗേറ്റ് തുറക്കുംവരെ മന്ത്രി കാറിലിരുന്നു. ഓഫിസ് വളപ്പിലേക്ക് കയറ്റിനിർത്തിയ വാഹനത്തിൽനിന്നിറങ്ങിയ മന്ത്രി തിരിഞ്ഞുനോക്കാതെ ഓഫിസിലേക്ക് നടന്നുനീങ്ങി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കേട്ടില്ലെന്ന് നടിച്ചു. കൈകൾ സാനിറ്റൈസ് ചെയ്ത് മുറിയിലേക്ക് കടന്നു. അവിടെ രണ്ടര മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ഉദ്യോഗസ്ഥർ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.