കോഴിക്കോട്: കേരളത്തിന് വന്‍ഭീഷണിയായി മാറുന്ന മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങാനുള്ള നിയമസഭ ആഹ്വാനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് സ്വാഗതം ചെയ്തു.
ഭാവികേരളത്തെ അപകടപ്പെടുത്തുകയും സമൂഹത്തെ ക്രിമിനല്‍വത്കരിക്കുകയും ചെയ്യുന്ന ഭീഷണിയാണ് മയക്കുമരുന്ന്.
വിപത്തിന്റെ വ്യാപ്തിയും ആഴവും ഭരണകര്‍ത്താക്കള്‍ അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കുന്നുവെന്നാണ് നിയമസഭയുടെ നിലപാടില്‍നിന്ന് മനസ്സിലാക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഐക്യപ്പെട്ടു നടത്തുന്ന അത്യപൂര്‍വം കാമ്പയിനാണിത്.
നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ച വിവിധ നടപടികളും ബോധവത്കരണ പരിപാടികളും കാര്യക്ഷമമായി നടപ്പാക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അതേസമയം, മുഴുവന്‍ ലഹരി പദാര്‍ഥങ്ങളുടെയും ലഭ്യതയും ഉപയോഗവും കുറക്കാനും സംസ്ഥാനത്തുനിന്ന് പൂര്‍ണമായും ഇല്ലാതാക്കാനുമുള്ള ശ്രമവുമാണ് ജനാധിപത്യ സ്വഭാവത്തിലുള്ള സര്‍ക്കാറില്‍നിന്നും നിയമനിര്‍മാണ സഭയില്‍നിന്നും ഉണ്ടാകേണ്ടത്. ലഹരി പദാര്‍ഥങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കണം. മദ്യമുള്‍പ്പെടെ ലഹരിപദാര്‍ഥങ്ങള്‍ ഇന്ന് നിയമപ്രകാരം സുലഭമാണ്.
മദ്യവില്പനയിലൂടെയുള്ള വരുമാനം സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ താങ്ങിനിര്‍ത്തുന്നുവെന്ന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല.
ലഹരി ഉപയോഗത്തെ സമഗ്രമായി അഭിമുഖീകരിക്കുകയാണ് വേണ്ടതെന്നും അതല്ലാത്ത ശ്രമങ്ങള്‍ ഭാഗിക ഫലമേ ചെയ്യൂവെന്നും എം.ഐ. അബ്ദുല്‍ അസീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.