കോഴിക്കോട്: പി.സി. ജോർജിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മുൻ എം.എൽ.എ പി.സി. ജോർജിന് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം വക്കീൽ നോട്ടീസ് അയച്ചത്. വിവാദമായ വംശീയാധിക്ഷേപ പ്രസംഗത്തിൽ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് പങ്കുണ്ടെന്ന തരത്തിൽ പി.സി. ജോർജ് പരാമർശം നടത്തിയിരുന്നു.
ജമാഅത്തെ ഇസ്‌ലാമി കൊലപാതക രാഷ്ട്രീയം നിർത്തണം എന്ന തരത്തിലായിരുന്നു പരാമർശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല. ജോർജിന്റെ പരാമർശങ്ങൾ മത സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂർവ്വം അപകീർത്തിപെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടീസിൽ പറയുന്നു.
പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അപകീർത്തിക്ക് അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി അഡ്വ. അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.