???????????? ?????????? ?????? ??. ???????

അമിത്​ ഷാ എത്തിയില്ല; ചുവപ്പുകോട്ടകൾ കടന്ന്​ ജനരക്ഷായാത്ര

തലശ്ശേരി: പിണറായിവഴിയുള്ള ജനരക്ഷായാത്രക്ക്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ​ഷാ എത്തിയില്ല. കേരളത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിറന്ന മണ്ണിൽ, മുഖ്യമന്ത്രി പിണറായി വിജയ​​െൻറ നാട്ടിൽ സി.പി.എമ്മിനെ​ വെല്ലുവിളിച്ചുള്ള അമിത്​ ഷായുടെ വരവ്​ ആകാംക്ഷയോടെയാണ്​ രാഷ്​ട്രീയ​കേരളം ഉറ്റുനോക്കിയത്​. അമിത്​ ഷായുടെ അസാന്നിധ്യം പാർട്ടിക്കാരെ നിര​ാശരാക്കി. എന്നാൽ, ആവേശംചോർന്നില്ല. 

കുമ്മനം രാജശേഖരൻ നയിച്ച പദയാത്ര രാവിലെ 11ന്​ മമ്പറത്തുനിന്നാരംഭിച്ച്​ പിണറായിവഴി കമ്യൂണിസ്​റ്റ്​ കോട്ടകളിലൂടെ നടന്ന്​ വൈകീട്ട്​ അഞ്ചിന്​ തലശ്ശേരിയിൽ സമാപിച്ചു. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്​, ദേശീയവക്താവ്​ വിജയ്​ ശങ്കർ ശാസ്​ത്രി എന്നിവരാണ്​ മൂന്നാംദിനം പദയാത്രയിൽ അണിനിരന്ന പ്രമുഖർ. പദയാത്ര എത്തു​േമ്പാൾ പിണറായി ടൗണിൽ ഹർത്താൽ പ്രതീതിയായിരുന്നു. കടകളെല്ലാം അടഞ്ഞുകിടന്നു. സി.പി.എം ഒാഫിസും ഏതാനും സൊസൈറ്റി ഒാഫിസുകളും മാത്രമാണ്​ തുറന്നത്​. കടകളടച്ചത്​ സി.പി.എം നിർദേശിച്ചിട്ടാണെന്നാണ്​ ബി.ജെ.പിയുടെ ആക്ഷേപം. എന്നാൽ, തങ്ങൾ പറഞ്ഞിട്ടില്ലെന്നും പുറത്തുനിന്നുള്ളവർ പ​െങ്കടുക്കുന്ന ജാഥയിൽ അക്രമംഭയന്ന്​ വ്യാപാരികൾ സ്വമേധയാ അടച്ചതാണെന്നുമാണ്​ സി.പി.എം വിശദീകരിക്കുന്നത്​. 

ബി.ജെ.പി^ആർ.എസ്​.എസ്​ അക്രമത്തിൽ മരിച്ച സി.പി.എമ്മുകാരുടെ ഫോ​േട്ടാ സഹിതമുള്ള പോസ്​റ്ററുകൾ പിണറായി ടൗണിലും പരിസരങ്ങളിലും സ്ഥാപിച്ചാണ്​ ജനരക്ഷായാത്രയെ സി.പി.എം വരവേറ്റത്​. ജാഥയിലെ ബി.ജെ.പി ദേശീയ നേതാക്കൾക്കായി ഇംഗ്ലീഷിലായിരുന്നു പോസ്​റ്ററുകൾ. ‘‘ജനരക്ഷായാത്ര നിർത്തി, ​േഗാരഖ്​​പൂരിലേക്ക്​ പോകൂ... വർഗീയത വേണ്ട, വിദ്വേഷരാഷ്​ട്രീയം വേണ്ട...’’ എന്നിങ്ങനെയാണ്​ പോസ്​റ്ററിലെ വാചകങ്ങൾ. പദയാത്ര പിണറായിയി​ലെത്തിയതോടെ ബി.ജെ.പി പ്രവർത്തകരുടെ ആവേശം വർധിച്ചു. അതോടെ മുദ്രാവാക്യംവിളി ഉച്ചത്തിലായി. പദയാത്ര കാണാൻ പിണറായി ടൗണിൽ ആളുകൾ തടിച്ചുകൂടി. പിണറായി​യിലെ സി.പി.എം ഒാഫിസിലും നിറയെ ആളുകളുണ്ടായി. പ്രശ്​നസാധ്യത കണക്കിലെടുത്ത്​ കനത്തസുരക്ഷ ഒരുക്കിയിരുന്നു.

പിണറായി ടൗണിന്​ സമീപം റോഡരികിലാണ്​ സി.പി.എമ്മുകാരാൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ ഉത്തമ​ൻ, മകൻ രമിത്ത്​ എന്നിവരുടെ വീട്​. യാത്ര വീടിന്​ മുന്നിലെത്തിയപ്പോൾ കുമ്മനവും മറ്റും അവിടെ കയറി രമിത്തി​‍​െൻറ അമ്മ നാരായണിയെ കണ്ട്​ അനുഗ്രഹംതേടി. മമ്പറം മുതൽ ത​ലശ്ശേരിവരെയുള്ള 11 കി.മീ ദൂരം ഏറെയും സി.പി.എം ശക്തികേന്ദ്രങ്ങളാണ്​. ഇടയിൽ ബി.ജെ.പിക്ക്​ സാന്നിധ്യമുള്ള കേന്ദ്രങ്ങളിൽ പദയാത്രക്ക്​ അഭിവാദ്യവുമായി പ്രവർത്തകർ എത്തി. ഉച്ചഭക്ഷണത്തിനുശേഷം നാലുമണിയോടെ യാത്ര പുനരാരംഭിച്ചു. അഞ്ചരയോടെ പദയാത്ര തലശ്ശേരിയിലെത്തി. യാത്ര പ്രമാണിച്ച്​ നഗരത്തിലെ സ്​കൂളുകൾക്ക്​ ഉച്ചക്കുശേഷം അവധി നൽകി. പ്രശ്​നസാധ്യത ഭയന്ന്​ തലശ്ശേരി നഗരത്തിൽ ആളുകൾ കുറവായിരുന്നു.
 

എന്തുകൊണ്ട്​ അമിത്​​ ഷാ വന്നില്ല; ആർക്കുമില്ല ഉത്തരം
പിണറായിയിലെ പദയാത്രയിൽനിന്ന്​ അമിത്​ ഷാ പിന്മാറിയത്​ എന്തുകൊണ്ട്​...? ബി.ജെ.പിക്കാരും എതിരാളികളും ഇന്നലെ ഒരുപോലെ ഉന്നയിച്ച​ ചോദ്യമിതായിരുന്നു. വ്യക്തമായ ഉത്തരം ആർക്കുമില്ല. ചൊവ്വാഴ്​ച പയ്യന്നൂരിൽ ഒമ്പതു​ കി.മീ നടന്നതി​​െൻറ ആരോഗ്യപ്രശ്​നങ്ങളാണ്​ പറയപ്പെടുന്ന ഒരുകാരണം. ജനരക്ഷായാത്രയുടെ സംഘാടനത്തിലുള്ള അതൃപ്​തിയാണെന്നും റിപ്പോർട്ടുകളുണ്ട്​. എന്തായാലും അമിത്​ ഷായുടെ പേരിൽ വലിയ പ്രചാരണം നൽകിയശേഷം പൊടുന്നനെയുള്ള പിന്മാറ്റം സംസ്ഥാനനേതൃത്വ​ത്തെ വെട്ടിലാക്കി. 

അമിത്​ ഷായ​ുടെ നേതൃത്വത്തിൽ സി.പി.എമ്മി​​െൻറ ശക്തിദുർഗത്തിലൂടെയുള്ള യാത്രയിൽ അണിചേരാനെത്തിയ പ്രവർത്തകരിലും അമിത്​ ഷാ എത്തില്ലെന്ന വിവരം നിരാശയുണ്ടാക്കി. അമിത്​ ഷാ എത്തുമെന്നായിരുന്നു വ്യാഴാഴ്​ച രാവിലെയും ബി.ജെ.പി സംസ്ഥാനനേതാക്കൾ മാധ്യമങ്ങൾക്ക്​ നൽകിയ വിവരം. മമ്പറത്തുനിന്ന്​ യാത്ര പുറപ്പെടുന്നതിന്​​ തൊട്ടുമുമ്പ്​ കുമ്മനം രാ​ജശേഖരൻ അക്കാര്യം പദയാത്രികരെ അറിയിച്ചു. അമിത്​ ഷാ വരുന്നില്ല. ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ച അടിയന്തരയോഗമുണ്ടെന്നും നിർബന്ധമാണെങ്കിൽ അതൊഴിവാക്കി വരാമെന്നും അമിത്​ ഷാ ​ഫോണിൽ അറിയിച്ചുവെന്നും പ്രയാസപ്പെട്ട്​ വരേണ്ടെന്ന്​ മറുപടി നൽകിയെന്നുമാണ്​ കുമ്മനം പറഞ്ഞത്​. ചൊവ്വാഴ്​ച പയ്യന്നൂരിൽ പദയാത്ര ഉദ്​ഘാടനം ചെയ്​ത്​ പിലാത്തറവരെ ഒമ്പതു​ കി.മീ നടന്ന അമിത്​ ഷാ മംഗളൂരുവിലേക്കാണ്​ മടങ്ങിയത്​. ബുധനാഴ്​ച മംഗളൂരുവിൽ​ പാർട്ടി യോഗത്തിൽ പ​െങ്കടുത്ത്​ വ്യാഴാഴ്​ച പിണറായിയിൽ എത്തുമെന്നായിരുന്നു അറിയിപ്പ്​. എന്നാൽ, മംഗളൂരു യോഗം റദ്ദാക്കിയ അമിത്​ ഷാ ചൊവ്വാഴ്​ച രാത്രിതന്നെ ഡൽഹിയിലേക്ക്​ മടങ്ങി. 

Tags:    
News Summary - Janaraksha Yatra today in Pinarayi-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.