കോഴിക്കോട്: ജനതാദള്‍ യുനൈറ്റഡിെൻറ ഇടത് മുന്നണി പുനഃപ്രവേശന നീക്കത്തിന് ആക്കംകൂട്ടി എം.പി. വീരേന്ദ്രകുമാർ രാജ്യസഭ അംഗത്വം രാജിവെക്കുന്നു. നിതീഷ് കുമാറിെൻറ പാർട്ടിയുടെ എം.പിയായി തുടരാനില്ലെന്ന് വീരേന്ദ്രകുമാർ പ്രഖ്യാപിച്ചു. തീരുമാനം നിതീഷ്കുമാറിനെ അറിയിച്ചതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്ന് രാജിവെക്കുമെന്നത് സാങ്കേതികം മാത്രമാണ്. കേരളത്തില്‍ പാര്‍ട്ടി എൽ.ഡി.എഫിലേക്ക് പോകണോ എന്ന കാര്യം സംസ്ഥാന സമിതിയാണ് തീരുമാനിക്കേണ്ടതെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫ് വിടാനുള്ള വീരേന്ദ്രകുമാറിെൻറ നീക്കത്തിനെതിരെ പാർട്ടിയിൽ പടയൊരുക്കം ശക്തമാണ്. ജെ.ഡി.യു ദേശീയ ജനറല്‍ സെക്രട്ടറി വർഗീസ് ജോര്‍ജ് രംഗത്തെത്തി. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുമാസമായി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീരേന്ദ്രകുമാറിെൻറ ചുവടുമാറ്റത്തിൽ നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
മുൻ മന്ത്രി കെ.പി. മോഹനനും കോഴിക്കോട് ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രനും ഉൾപ്പെടെയുള്ളവർ യു.ഡി.എഫ് വിടുന്നതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. മകൻ ശ്രേയാംസ്കുമാറിന് രാജ്യസഭ സീറ്റ് ഒപ്പിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വീരേന്ദ്രകുമാർ വിരുദ്ധപക്ഷം കുറ്റപ്പെടുത്തുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പറഞ്ഞാണ് രാജ്യസഭ അംഗത്വം രാജിവെക്കുമെന്നുള്ള വീരേന്ദ്രകുമാറിെൻറ പ്രഖ്യാപനം. ബിഹാറില്‍ ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബി.ജെ.പിയോടൊപ്പം ചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ശക്തമായ ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണ്.
നിതീഷ് കുമാറിെൻറ തീരുമാനങ്ങളെ തള്ളിയ ശരദ് യാദവിനൊപ്പമാണ് കേരള ഘടകം. എന്നാൽ, എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച് ജെ.ഡി.യുവിെൻറ ഇടതുമുന്നണി പ്രവേശനത്തിന് പാത വെട്ടിത്തെളിക്കുകയാണ് വീരേന്ദ്രകുമാർ എന്നാണ് സൂചന. ഇതിെൻറ ഭാഗമായി നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്.
നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയനും വീരേന്ദ്രകുമാറും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചയും നടന്നിരുന്നു. ജെ.ഡി.യു-ജെ.ഡി.എസ് ലയനമാണ് സി.പി.എം മുന്നോട്ടുവെച്ച പോംവഴിയെന്ന് അറിയുന്നു. തുടർന്ന് വീരേന്ദ്രകുമാർ ജെ.ഡി.എസ് നേതാക്കളായ കൃഷ്ണന്‍കുട്ടി, സി.കെ. നാണു എന്നിവരുമായി ആശയവിനിമയം നടത്തി. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും വീരേന്ദ്രകുമാർ സംസാരിച്ചതായും റിപ്പോർട്ടുണ്ട്. ഇക്കാര്യം കോടിയേരി നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.