ബംഗളൂരു: സി.കെ. നാണു അധ്യക്ഷനായ ജനതാദൾ സെക്കുലർ കേരള ഘടകം പിരിച്ചുവിട്ടതായി പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. മാത്യു ടി. തോമസ് അധ്യക്ഷനായി പുതിയ അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. വൈസ്പ്രസിഡൻറുമാരായി ജോസ് തെറ്റയിൽ, ജമീല പ്രകാശം, ജനറൽ സെക്രട്ടറിമാരായി ബെന്നി മൂഞ്ഞേലി, അഡ്വ. വി. മുരുകദാസ്, അഡ്വ. ബിജിലി ജോസഫ്, ട്രഷററായി മുഹമ്മദ് ഷാ എന്നിവരെയും നിയമിച്ചു.
പാർട്ടിയിലുയർന്ന പരാതിയുമായി ബന്ധപ്പെട്ട് ജെ.ഡി-എസ് ദേശീയ വർക്കിങ് പ്രസിഡൻറ് ബി.എം. ഫാറൂഖ് നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച് സി.കെ. നാണു പ്രവർത്തിച്ചില്ലെന്നും നോട്ടീസിന് മറുപടി നൽകിയില്ലെന്നും ദേവഗൗഡ പ്രസ്താവനയിൽ പറഞ്ഞു.
പാർട്ടിയുടെ കേരള ഘടകം ശക്തിപ്പെടുത്താൻ ഒരു നടപടിയും സംസ്ഥാന അധ്യക്ഷൻ സ്വീകരിച്ചില്ല. പാർട്ടിയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയ ദേശീയ നേതൃത്വം, കോർ കമ്മിറ്റിയുമായി നാണു കൂടിയാലോചന നടത്തുന്നില്ലെന്നും വ്യക്തമാക്കി.
എൽ.ഡി.എഫിലെ സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണമാണ് തെൻറ ലക്ഷ്യമെന്നും ദേശീയനേതൃത്വം നിർബന്ധിച്ചതിനാലാണ് ചുമതല ഏറ്റതെന്നും മാത്യു ടി. തോമസ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.