തിരുവനന്തപുരം: ആറുവർഷം മുമ്പ് മുണ്ടക്കയത്ത് നിന്ന് കാണാതായ ജസ്നയുടെ കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് ജോസഫ് സി.ജെ.എം കോടതിയിൽ ഹരജി സമർപ്പിച്ചു. ഒപ്പം പഠിച്ചുവെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്ത് ജസ്നയെ ദുരുപയോഗം ചെയ്തതായി സംശയിക്കുന്നതായും അതുമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായും ഹരജിയിൽ പറയുന്നുണ്ട്. ജസ്നയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വസ്‍ത്രങ്ങളിൽ രക്തക്കറ കണ്ടെത്തിയിരുന്നു. എന്നാൽ ഇതെകുറിച്ചൊന്നും അന്വേഷണമുണ്ടായില്ല. അഭിഭാഷകന്‍ ശ്രീനിവാസന്‍ വേണുഗോപാല്‍ മുഖേന ജെയിംസ് ജോസഫ് നേരിട്ടെത്തിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കാണാതാകുന്നതിന് ഒരുമാസം മുമ്പ് ജസ്ന എൻ.എസ്.എസ് ക്യാമ്പിനു പങ്കെടുത്തിരുന്നു. ഇതിനെ കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ല. അതുപോലെ ജസ്നയുടെ കോളജിലെ ഹോസ്റ്റലിൽ താമസിച്ച അഞ്ചുപേരെ കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ലെന്നും ഹരജിയിലുണ്ട്.
2018ൽ പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടക്കു വെച്ചാണ് ജസ്നയെ കാണാതായത്. എന്നാൽ ഈ സ്ഥലങ്ങളിലും സി.ബി.ഐ അന്വേഷണം നടത്തിയില്ല. ജസ്‌നയെ കാണാതാവുന്ന ദിവസം വൈകീട്ട് ആറുമണിക്കും പിറ്റേന്ന് രാവിലേയും ചില ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതും അന്വേഷിച്ചില്ല. ഹരജിയിൽ മറുപടി നൽകാൻ സി.ബി.ഐക്ക് കോടതി രണ്ടാഴ്ചത്തെ സമയം നൽകി.
കേസിന് തുമ്പ് ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജസ്ന മരിച്ചതായോ ജീവിച്ചിരിക്കുന്നുണ്ടെന്നോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നായിരുന്നു സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞത്. 2018 മാർച്ച് 22നാണ് ജസ്നയെ കാണാനില്ലെന്നു സൂചിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയത്. 2021 ഫെബ്രുവരി 19 നാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.