ജസ്നയുടെ തിരോധാനം: ഹൈകോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധം

കൊച്ചി: ജസ്നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ഹൈകോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ചായിരുന്നു പ്രതിഷേധം. കേസിൽ കോട്ടയം സ്വദേശി ആർ. രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിെലടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു.

ഹൈക്കോടതി ജസ്റ്റിസ് വി. ഷെര്‍സിയുടെ കാറിലാണ് ഇയാൾ കരിഓയിലൊഴിച്ചത്. പ്ലക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം. തനിക്ക് പല കാര്യങ്ങളും അറിയാമെന്നും ഇതുവരെ ചോദ്യം ചെയ്തില്ലെന്നും വിളിച്ചുപറഞ്ഞു കൊണ്ടാണ് ഇയാൾ കാറിൽ കരിഓയിൽ ഒഴിച്ചത്.

2018 മാർച്ച് 22 നാണ് ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘവും കേസിൽ അന്വേഷണം നടത്തി.പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. എരുമേലി വരെ ജെസ്ന പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി.ജി.പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കേസിൽ തുമ്പുണ്ടായില്ല.

കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി പ്രധാനമന്ത്രിക്ക് പരാതി നൽകി. പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ്‍ അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യമെടുത്തെങ്കിലും കോവിഡ് കാലം തടസമായി. ഇദ്ദേഹം വിരമിച്ചതോടെ കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.