അ‍ഞ്ചു വർഷത്തിനിടെ കാണാതായ 60 കുട്ടികൾ എവിടെയെന്ന് ജവഹർ ബാൽ മഞ്ച്

തിരുവനന്തപുരം:സംസ്ഥാനത്ത് നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാണാതായ 60 കുട്ടികൾ എവിടെയെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ജവഹർ ബാൽ മഞ്ച്. ഇതിൽ ആറ് കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്ത കേസുകളായി പരി​ഗണിച്ച് അന്വേഷണം അവസാനിപ്പിക്കാൻ അനുവദിക്കണം എന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ അ‍ഞ്ചു വർഷത്തിനിടെയാണ് 60 കുട്ടികളെ കാണാതായിരിക്കുന്നത്. 48 ആൺകുട്ടികളും 12 പെൺകുട്ടികളും.കഴിഞ്ഞ വർഷമാണ് ഏറ്റവുമധികം കുട്ടികളെ സംസ്ഥാനത്ത് നിന്നും കാണാതായിരിക്കുന്നതെന്നും ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ ആനന്ദ് കണ്ണശ പറഞ്ഞു. 28 കുട്ടികളെയാണ് ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായത്. ഒന്നോ രണ്ടോ കുട്ടികളെ കാണാതായാൽ, അവരെ കണ്ടെത്താൻ സാധിക്കാതെ വന്നാൽ, അതിനെ വേണമെങ്കിൽ ന്യായീകരിക്കാം. കുട്ടികളെ കാണാതായാൽ, അവരെ കണ്ടെത്താൻ സാധിക്കാതെ വന്നാൽ, അതിനെ വേണമെങ്കിൽ ന്യായീകരിക്കാം.

എന്നാൽ, കേരളത്തിലെ ആ 60 കുട്ടികൾക്ക് എന്തുപറ്റി? അവർ എങ്ങോട്ട് പോയി? അവർ ഇപ്പോഴും ജീവനോടെയുണ്ടോ? ഉണ്ടെങ്കിൽ അവർ എന്ത് ചെയ്യുന്നു? തുടങ്ങിയ അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ഇവിടുത്തെ ഭരണകൂടമാണെന്നും ആനന്ദ് കണ്ണശ പറഞ്ഞു. ഇരുപത്തഞ്ച് വർഷം മുമ്പുള്ള സാമൂഹിക അന്തരീക്ഷമല്ല ഇന്ന് കേരളത്തിലുള്ളത്. ഒരു കുട്ടിയെ കാണാതായാൽ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന ശേഷിയുള്ള പൊലീസ് സംവിധാനം. ദിനംപ്രതി അത്തരം സംഭവങ്ങൾ കേരളത്തിൽ നടക്കുന്നുമുണ്ട്. കാണാതായി മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ കണ്ടെത്തുന്ന അന്വേഷണ വിദ​ഗ്ധരായ പൊലീസ് സേനയാണ് ഇവിടെയുള്ളത്.

ഈ 60 കുട്ടികളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ അനവധിയാണ്. ഇവരെ ആരാണ് കടത്തിക്കൊണ്ടുപോയത്? അവയവകൈമാറ്റ മാഫിയായോ? അതോ ഭിക്ഷാടന മാഫിയയോ? അതുമല്ലെങ്കിൽ തീവ്രവാദ സംഘങ്ങളോ? ഇനി ഇവർ ലഹരിസംഘങ്ങളുടെ പിടിയിലായോ? അന്താരാഷ്ട്ര ബന്ധമുള്ള സെക്സ് റാക്കറ്റുകളാകുമോ ഈ കുട്ടികളുടെ തിരോധാനത്തിന് പിന്നിൽ? കേരള പൊലീസിന്റെ കാഴ്ച്ചകളെ മറയ്ക്കും വിധം ശക്തരായ ആരുടെ കൈകളിലാണ് ഈ കുട്ടികൾ പെട്ടിരിക്കുന്നത് എന്നതിന്റെ ഉത്തരം കണ്ടെത്തുക തന്നെ വേണം.

27 വർഷം ഒളിവിൽ കൊലക്കേസ് പ്രതിയായ സ്ത്രീയെ പോലും കേരള പൊലീസ് സമീപ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. അത്രയും കാര്യശേഷിയുള്ള ഒരു സേനയുടെ കണ്ണുവെട്ടിച്ച് 60 കുട്ടികൾ അപ്രത്യക്ഷരായി എന്നതാണ് ഈ സംഭവത്തിന്റെ ​ഗൗരവം വർധിപ്പിക്കുന്നത്.ഈ നാട്ടിലെ കുട്ടികൾക്ക് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിനൊപ്പം, ഈ നാട്ടിലെ പൊലീസിന് എന്ത് സംഭവിച്ചു എന്ന ചോദ്യവും ഉയരുന്ന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Jawahar Bal Manch: Where are those 60 children who have gone missing in five years?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.