ഒന്നരപതിറ്റാണ്ട് രാജരാജേശ്വരന്‍െറ ഭക്ത

കണ്ണൂര്‍:കേരളമെന്ന് കേള്‍ക്കുമ്പോള്‍ തളിപ്പറമ്പ് രാജരാജേശ്വരനിലാണ് ജയലളിതയുടെ ഭക്തിസായൂജ്യം. ഒന്നര പതിറ്റാണ്ട് നീണ്ടു നിന്ന ജയലളിതയുടെ രാജരാജേശ്വര ഭക്തി അവര്‍ അബോധാവസ്ഥയില്‍ ചികില്‍സയിലായിരുന്നപ്പോള്‍ പോലും അനുചരന്‍മാര്‍ പ്രത്യേക വഴിപാടായി ഇവിടെ നിലനിര്‍ത്തി. മരണ വിവരം പുറത്ത് വിട്ട ദിവസും ജയലളിതക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ നയ്യമൃത് സമര്‍പ്പിക്കപ്പെട്ടിരുന്നു.

രാഷ്ട്രീയ കോളിളക്കത്തിന് ശേഷം കരുണാനിധി അറസ്റ്റ് ചെയ്യപ്പെടുന്നതിന്‍െറ മൂന്ന് ദിവസം മുമ്പാണ് ജയലളിത കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിയത്. 2001 ജൂലൈ ഏഴിന് ക്ഷേത്ര നട അടച്ചിടുന്നതിന്‍െറ അരമണിക്കൂര്‍ മുമ്പ് ജയലളിതയും തോഴി ശശികലയും അനുചരന്‍മാരും ക്ഷേത്രത്തിലത്തെി. ജ്യോതിഷ പണ്ഡിതന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരും കൂടെയുണ്ടായിരുന്നു. പതിവില്ലാതെ ജയലളിതക്ക് വേണ്ടി ക്ഷേത്ര നട ഒരുമണിക്കൂര്‍ അധികം തുറന്നു വെച്ചത് അന്ന് വിവാദമായിരുന്നു. 

ജയലളിത വരുന്നതിന് മുമ്പ് തന്നെ 1999ല്‍ ക്ഷേത്രത്തിലേക്ക് തമിഴ്നാട് സ്വദേശി മാരിയപ്പന്‍െറ പേരില്‍ ആനയെ നടയിരുത്തിയിരുന്നു. ശിവസുന്ദരന്‍ എന്ന് വിളിക്കപ്പെട്ട ആന ജയലളിതക്ക് വേണ്ടിയാണ് നടയിരുത്തപ്പെട്ടതെന്നാണ് കരുതുന്നത്. ശിവസുന്ദരന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചരിഞ്ഞു. ജലയളിത വെള്ളിക്കുടമാണ് രാജരാജേശ്വരന് നല്‍കിയത്. ശ്രീകോവിലിലുള്ള 24 ഓളം വെള്ളിക്കുടങ്ങളില്‍ ജയലളിതയുടെത് വേര്‍ തിരിച്ചു വെച്ചിട്ടില്ല. കാരണം, കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെയും മറ്റും വെള്ളിക്കുടങ്ങളിവിടെയുണ്ട്. 

വെള്ളിക്കുടം സമര്‍പ്പിച്ച ശേഷം സുരക്ഷാ ക്രമീകരണത്തിന്‍െറ ഭാഗമായി രാജരാജേശ്വരന്‍െറ ഉപദേവനായ അരവത്ത് ഭഗവാന്‍െറ സന്നിധിയില്‍ തേങ്ങയുടക്കതെ മടങ്ങിയ ജയലളിത വീണ്ടും വരും എന്ന് വിവരമുണ്ടായിരുന്നു. പക്ഷെ, ജയലളിതയുടെ തന്നെ ആഗ്രഹപ്രകാരമായിരിക്കണം 2012 ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി പനീര്‍സെല്‍വം തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലത്തെി. ഒന്നര പതിറ്റാണ്ട് മുമ്പ് വെള്ളിക്കുടം വഴിപാട് നല്‍കിയ ജയളിതയുടെ ഭക്തിസായൂജ്യത്തിന് വേണ്ടി തന്നെയാവണം ഒരാഴ്ച മുമ്പ് ഇവിടെക്കുള്ള ഏറ്റവും വിലപ്പെട്ട വഴിപാടായി പൊന്നുകൂടം വെക്കാനും തമിഴ്നാട്ടില്‍ നിന്ന് ആറ് പേരടങ്ങിയ സംഘം എത്തിയിരുന്നു. 

കഴിഞ്ഞ ആറ് മാസം മുമ്പാണ് നിത്യവും നെയ്യമൃത് സമര്‍പ്പിക്കാനുള്ള നിര്‍ദേശം മദിരാശിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വന്നത്. അതിന്നും മുടങ്ങാതെ നിര്‍വഹിക്കപ്പെടുന്നുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് വക്താക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പ്രത്യേക യോഗം ചേര്‍ന്ന് അനുശോചനവും രേഖപ്പെടുത്തി. 

Tags:    
News Summary - jayalalitha in taliparamba rajarajeswara temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.