തിരുവനന്തപുരം: പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍നിന്ന് 2018 മാര്‍ച്ച് 22ന് കാണാതായ ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ജെയിംസ് ജോസഫ്. സംശയമുള്ള അഞ്ജാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സി.ബി.ഐ തയാറായില്ലെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിൽ ജെയിംസ് ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് ഏപ്രിൽ 19ന് നേരിട്ട് ഹാജരാകാന്‍ കോടതി നിർദേശിച്ചു.
സി.ബി.ഐ ശരിയായ ദിശയില്‍ അന്വേഷിക്കുമെങ്കില്‍ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ചിരുന്ന അഞ്ജാത സുഹൃത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കാന്‍ തയാറാണ്. ജസ്‌ന വ്യാഴാഴ്ച പ്രാർഥനയക്ക് പോയിരുന്ന സ്ഥലം കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. കാണാതായതിന്റെ തലേദിവസം ജസ്‌നക്കുണ്ടായ അമിത രക്തസ്രാവത്തിന്റെ കാരണം കണ്ടെത്താൻ സി.ബി.ഐ ശ്രമിച്ചില്ല. ജസ്‌നയുടെ മുറിയില്‍നിന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശേഖരിച്ച രക്തം പുരണ്ട വസ്ത്രത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
ജെയിംസ് ജോസഫിന്റെ ആരോപണങ്ങൾക്ക് കോടതിയിൽ വ്യക്തമായ മറുപടി നല്‍കാന്‍ സി.ബി.ഐ പ്രോസിക്യൂട്ടര്‍ക്കായില്ല. പ്രോസിക്യൂട്ടര്‍ തന്നെയാണ് വിവരങ്ങള്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ച് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ നിർദേശിക്കുകയായിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. ശ്രീനിവാസന്‍ വേണുഗോപാല്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.