റാന്നി: കാണാതായ കോളജ് വിദ്യാർഥിനി ജസ്നയെക്കുറിച്ചുള്ള വിവരങ്ങൾ തേടി പൊലീസ് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പെട്ടികളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. 12 സ്ഥലത്തായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇവയിൽനിന്ന് അമ്പതോളം കത്തുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
ജസ്നയുടെ വീടിെൻറ സമീപ കവലകളിലും വെച്ചൂച്ചിറ ഭാഗത്തും െവച്ച പെട്ടികളിൽ നിന്ന് കൂടുതൽ പ്രതീക്ഷ നൽകുന്ന വിവരങ്ങൾ ലഭിച്ചതായി പൊലീസ് സൂചന നൽകി. ചിലർ കത്തുകളിലൂടെ പലവിധ സംശയങ്ങൾ ഉന്നയിച്ചപ്പോൾ ജസ്നയെ അടുത്ത് പരിചയമുണ്ടെന്ന് തോന്നുന്നവർ ചില സംഭവങ്ങൾ സൂചിപ്പിച്ചിട്ടുള്ളതായി പൊലീസ് പറയുന്നു. അഞ്ച് കത്തുകൾ നിർണായകമാണെന്നാണ് വിവരം. പെട്ടികൾ തുടർന്നും പരിശോധിക്കും. വിവിധ സംഘടനകളുടെ വാട്സ്ആപ് കൂട്ടായ്മകളിലും വിവരശേഖരണം നടത്തുന്നുണ്ട്.
അതിനിടെ, ജസ്നക്കായുള്ള അന്വേഷണം പൊലീസ് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ചെന്നൈ, ബംഗളൂരു, ഗോവ, പുണെ എന്നിവിടങ്ങളിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായും മലയാളി സംഘടനകളുമായും സഹകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി ആളുകളെത്തുന്ന സ്ഥലങ്ങളിൽ ഫോട്ടോ സഹിതം പോസ്റ്റർ പതിച്ച് വിവരങ്ങൾ ലഭ്യമാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
സൈബർ സെൽ ഇതിനകം ഒരു ലക്ഷത്തിലധികം ഫോൺ കാളുകളിൽനിന്നായി 1800 കാളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഈ പട്ടികയും പരിശോധിച്ചു വരുകയാണ്. ജസ്നയുടെ സഹപാഠികളിൽനിന്ന് വീണ്ടും മൊഴി എടുത്തിട്ടുണ്ട്. കണ്ടെത്തുന്നവർക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചതിനുശേഷം നിരവധി കാളുകൾ പൊലീസിന് ലഭിച്ചെങ്കിലും വ്യക്തമായ സൂചനകൾ ഇവയിൽനിന്ന് കിട്ടിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.