കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് ജിഷയെ നേരത്തേ കണ്ടുപരിചയമുണ്ടായിരുന്നുവെന്നും മലയാളം മനസ്സിലാവുമെന്നും അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ജിഷയുടെ വീടിനു സമീപം നിര്‍മാണ ജോലിക്കായി അമീര്‍ എത്തിയിരുന്നു. ആ സമയത്ത് മിക്ക ദിവസങ്ങളിലും ജിഷയുടെ വീടിനു മുന്നിലൂടെയാണ് അയാള്‍ പോയിരുന്നത്.
പണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ വട്ടോളിപ്പടിയിലേക്ക് പോയിരുന്നതും ആ വഴിയിലൂടെയായിരുന്നു. ജിഷ പലപ്പോഴും വീട്ടില്‍ ഒറ്റക്കാണെന്നും അയല്‍വാസികള്‍ ഇവരെ ശ്രദ്ധിക്കാറില്ലെന്നും അമ്മ സന്ധ്യക്കാണ് തിരിച്ചത്തെുന്നതെന്നും പ്രതി മനസ്സിലാക്കി. അപ്പോള്‍മുതല്‍ ഇയാള്‍ ജിഷയെ ഉന്നമിട്ടിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിഗമനത്തിൽ എത്തിച്ചേർന്നു. വട്ടോളിപ്പടിയില്‍ വീട് നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നതായി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
പ്രതിക്ക് അസമീസ് മാത്രമേ അറിയൂവെന്നായിരുന്നു ആദ്യ പ്രചാരണം. ഹിന്ദി അറിയാമെന്ന് പിന്നീട് വ്യക്തമായി. കോടതിയില്‍ രണ്ടു തവണ ഹാജരാക്കിയപ്പോഴും ദ്വിഭാഷി ഇയാളോട് ആശയ വിനിമയം നടത്തിയത് ഹിന്ദിയിലായിരുന്നു. എന്നാല്‍, മലയാളം കേട്ടാല്‍ അമീറിന് മനസ്സിലാവുമെന്നും തിരിച്ച് മലയാളത്തില്‍ പ്രതികരിക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
പ്രതി മൊഴിമാറ്റുന്നത് തുടര്‍ന്നപ്പോള്‍ മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായത്താല്‍ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം അസി. പ്രഫസര്‍ ഡോ. പി.വി. ഇന്ദു, അഹമ്മദാബാദിലെ ഫോറന്‍സിക് സൈക്കോളജി വിഭാഗം മേധാവി അമിത ശുക്ല, അവിടത്തെത്തന്നെ ഹേമ വി. ആചാര്യ എന്നിവരുടെ സഹായത്താല്‍ മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതില്‍ പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായി.
അമീറിന്‍െറ പല്ലിന്‍െറയും കാലിന്‍െറയും രൂപമെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി. കൃത്യത്തിനിടെ ജിഷയെ കടിച്ചത് അമീര്‍ തന്നെയാണെന്നും തെളിവായി ലഭിച്ച ചെരിപ്പ് ഇയാളുടേതാണെന്നും തെളിയിക്കാനായിരുന്നു ഇത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഡെന്‍റല്‍ വിഭാഗം അസോ. പ്രഫസറായ ഡോ. അനില്‍കുമാര്‍, ഡോ. മരുത പട്ടേല്‍ എന്നിവരാണ് ദന്തപരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.