കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ അന്തിമഘട്ടത്തിലേക്ക്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാൽ പ്രതിഭാഗത്തുനിന്ന് സാക്ഷികളുണ്ടെങ്കിൽ അവരുടെ വിസ്താരംകൂടി കഴിഞ്ഞശേഷം വാദം കേൾക്കൽ നടപടികളിലേക്ക് നീങ്ങും.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.അനില്‍കുമാര്‍ മുമ്പാകെയാണ് കേസിെൻറ രഹസ്യവിചാരണ നടക്കുന്നത്. പെരുമ്പാവൂരിൽ കൂലിത്തൊഴിലാളിയായിരുന്ന അസം സ്വദേശി അമീറുൽ ഇസ്ലാമാണ് കേസിലെ പ്രതി. 2016 ഏപ്രില്‍ 28ന് വൈകീട്ട് 5.30നും ആറിനുമിടയിൽ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് പ്രധാന കേസ്. ഇതിനുപുറമെ, അതിക്രമിച്ച് കടക്കല്‍, വീട്ടിനുള്ളില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലക്കുശേഷം തെളിവ് നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് വിചാരണ നേരിടുന്നത്.
ജിഷയുടെ കൊലപാതകം സംബന്ധിച്ച് പ്രഥമ വിവരം നല്കിയ ആള് അടക്കം 195 പേര്‍ക്ക് സമൻസ് അയച്ചാണ് വിചാരണ നടപടി തുടങ്ങിയതെങ്കിലും ഇതിൽ പലരെയും പിന്നീട് വിസ്തരിക്കുന്നതിൽനിന്ന് ഒഴിവാക്കി.വീട്ടില്‍ മറ്റാരുമില്ലെന്ന് അറിഞ്ഞ് അതിക്രമിച്ച് കടന്ന പ്രതി ജിഷയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതിലുള്ള വൈരാഗ്യത്താല്‍ കൈയില്‍ കരുതിയിരുന്ന ആയുധമുപയോഗിച്ച് കൊല നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊല നടന്ന് 49ാം ദിവസം ജൂണ്‍ 16നാണ് പ്രതിയെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. അമീറുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് 30ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും 1500ലേറെപ്പേരെ ചോദ്യം ചെയ്യുകയും ലക്ഷക്കണക്കിന് ഫോണ്‍ കാളുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.