ജിഷ്ണു പ്രണോയിയുടെ മരണം അന്വേഷിക്കുന്ന എ.എസ്.പിക്ക് വധഭീഷണി

തൃശൂര്‍: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം അന്വേഷിക്കുന്ന ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന് വധഭീഷണി. കേസ് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം മേധാവിയാണ് എ.എസ്.പി കിരണ്‍ നാരായണന്‍. ജിഷ്ണുവിന്‍െറ മരണത്തില്‍, മാനസികമായി പീഡിപ്പിച്ചുവെന്ന വിലയിരുത്തലില്‍ അധ്യാപകര്‍ക്കെതിരെ പ്രേരണക്കുറ്റത്തിന് കേസെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഫോണില്‍ വധഭീഷണിയത്തെിയത്. രണ്ട് തവണയായായിരുന്നു ഭീഷണി. എ.എസ്.പി കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നെടുപുഴ പൊലീസ് കേസെടുത്തു. ടാറ്റാ ഡോകോമോ നമ്പറില്‍നിന്ന് സംശയദുരീകരണത്തിനെന്ന വ്യാജേനയത്തെിയതായിരുന്നു ഫോണ്‍ വിളി. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിനും കൈമാറി. അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

ജിഷ്ണുവിന്‍െറ മരണം: കൊലക്കുറ്റത്തിന് കേസെടുക്കുന്നതുവരെ പോരാടുമെന്ന് ബന്ധുക്കള്‍
നാദാപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍. പ്രതികള്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തി രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. കോളജ് മാനേജ്മെന്‍റ് കുറ്റക്കാരാണെന്നുകണ്ട് സസ്പെന്‍ഡ് ചെയ്ത പി.ആര്‍.ഒ സഞ്ജിത്ത്, ചെയര്‍മാന്‍ കൃഷ്ണദാസ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജിഷ്ണുവിന്‍െറ പിതാവ് അശോകനും മാതാവ് മഹിജയും പറഞ്ഞു. മകന്‍െറ 41ാം ചരമദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ കഴിഞ്ഞതിനുശേഷം ചെയര്‍മാന്‍ കൃഷ്ണദാസിന്‍െറ വീട്ടുപടിക്കല്‍ സത്യഗ്രഹമിരിക്കും. നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് മാതാവ് മഹിജ വ്യക്തമാക്കി. ആത്മഹത്യ പ്രേരണകുറ്റത്തിന് നേരത്തെ തന്നെ പൊലീസിന് കേസെടുക്കാമായിരുന്നു. മകന്‍െറ മരണത്തിന് പിന്നിലെ തെളിവുകള്‍ മുഴുവന്‍ തേച്ചുമായിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് പൊലീസ് ചെയ്തതെന്ന് മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

 


 

Tags:    
News Summary - jishnu case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.