കൃഷ്ണദാസിന് മുൻകൂർ ജാമ്യം: ഒത്തുകളിച്ച നിയമ മന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ  ഒളിവിൽ കഴിയുന്ന പ്രതി പാമ്പാടി നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസിന് മുൻകൂർ ജാമ്യം അനുവദിക്കാൻ ഒത്തുകളിച്ച നിയമമന്ത്രി എ.കെ. ബാലൻ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സ്വന്തം ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ചെയർമാനെ സംരക്ഷിക്കാൻ   നിയമ മന്ത്രി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് കോടതിയിൽ നടന്ന ഒത്തുകളിയെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരൻ പ്രസ്താവനയിൽ ആരോപിച്ചു.

കലക്ടർ വിളിച്ചു ചേർത്ത സമാധാന ചർച്ചയിൽ പങ്കെടുക്കാൻ അനുവദിക്കണം എന്നായിരുന്നു കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയിലെ ഒരു പ്രധാന വാദം. എന്നാൽ, കൃഷ്ണദാസിനെ യോഗത്തിനു ക്ഷണിച്ചിരിന്നില്ലെന്നും പ്രിൻസിപ്പാളിനെയാണ് ക്ഷണിച്ചതെന്നും കലക്ടർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമാധാന ചർച്ച കഴി‌ഞ്ഞിരുന്നുവെന്നതും കോടതിൽ നിന്നും മറച്ചുവെച്ചു. ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കൃഷ്ണദാസിനെ സഹായിക്കുന്ന നിലപാടാണ് സർക്കാർ വക്കീൽ സ്വീകരിച്ചത്. അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ ഉണ്ടായിട്ടും അവരാരും ഈ ജാമ്യാപേക്ഷയെ എതിർക്കാൻ നടപടിയെടുത്തില്ല എന്നതും അവിശുദ്ധ കൂട്ടുകെട്ടിന്‍റെ തെളിവാണ്.

ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സർക്കാർ നടത്തുന്ന അന്വേഷണം വെറും  പ്രഹസനമാണെന്നു വ്യക്തമാണ്. മരണം നടന്നിട്ട് 37 ദിവസം കഴിഞ്ഞാണ് പൊലീസ് പ്രതികളെ തീരുമാനിക്കുന്നത്. 40 ദിവസം കഴിഞ്ഞാണ് രക്തക്കറ കണ്ടെത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതും. പൊലീസിന്‍റെ ഈ വീഴ്ചകളെലാം പ്രതികൾക്ക് തെളിവ് നശിപ്പിക്കാനുള്ള അവസരമൊരുക്കാനാണെന്ന് വ്യക്തം.  

സർക്കാരും സ്വാശ്രയ മാനേജ്‌മെന്‍റുകളുമായി ഒത്തുകളിച്ചു ഹൈകോടതിൽ കേസുകൾ തോ​റ്റുകൊടുക്കുന്നത് ഇത് ആദ്യമായിട്ടല്ല. സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയുമായി ബന്ധപ്പെട്ട കേസിൽ ഈ സർക്കാർ തോ​റ്റു കൊടുക്കുന്നത് നാം കണ്ടതാണെന്നും വി. മുരളീധരൻ പറഞ്ഞു

 

Tags:    
News Summary - jishnu murder case v muralidaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.