തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ അനിശ്ചിതകാല നിരാഹാരത്തിലേക്ക്. മാർച്ച് 27 മുതൽ തിരുവനന്തപുരത്ത് ഡി.ജി.പി ഒാഫീസിന് മുന്നിലാണ് ജിഷ്ണുവിന്‍റെ അച്ഛനും അമ്മയും നിരാഹാരസമരം നടത്തുക.
മാതാപിതാക്കളെ കൂടാതെ ബന്ധുക്കളും ആക്ഷൻ കമ്മിറ്റിയംഗങ്ങളും സമരത്തിൽ പങ്കെടുക്കും. കൂടാതെ ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാമ്പാടി നെഹ്റു കോളജിൽ വിദ്യാർഥികളും അനിശ്ചിതകാല സമരം ആരംഭിക്കും.
നേരത്തെ, മുഖ്യമന്ത്രിയുടെ ഒാഫീസിന് മുമ്പിൽ സമരം നടത്താനാണ് ജിഷ്ണുവിന്‍റെ മാതാപിതാക്കൾ തീരുമാനിച്ചത്. എന്നാൽ, സി.പി.എം ഇടപെട്ട് ഇത് വിലക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്ന് ജിഷ്ണുവിന്‍റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു.
ജിഷ്ണു മരിച്ചിട്ട് ഇന്ന് രണ്ടര മാസം പിന്നിടുകയാണ്. ജിഷ്ണു ആത്മഹത്യ കേസില്‍ കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവരാണ് ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ. പ്രേരണക്കുറ്റം, മര്‍ദനം, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍, വ്യാജ ഒപ്പിടല്‍ തുടങ്ങി എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
ഇതുവരെ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ പ്രതികൾ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി. വിശ്വനാഥന്‍െറ മകനാണ് സഞ്ജിത്ത്. വിദ്യാര്‍ഥികളെ ക്രൂരമര്‍ദനത്തിനിരയാക്കുന്നുവെന്ന ആക്ഷേപമുള്ള ഇടിമുറി സഞ്ജിത്തിന്‍െറ ഓഫിസാണ്.
ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ (18) കോളജ് ഹോസ്റ്റലിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ കോളജിലെ ചില അധ്യാപകരും പി.ആര്‍.ഒ സഞ്ജിത്തും ചേര്‍ന്ന് ജിഷ്ണുവിനെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും അതില്‍ മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നുമാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.