തിരുവനന്തപുരം/േകാഴിക്കോട്: നീതി തേടിയെത്തി പൊലീസിെൻറ ക്രൂര അതിക്രമത്തിനിരയായ ജിഷ്ണുവിെൻറ അമ്മയും ബന്ധുക്കളും ആശുപത്രിയിലും നിരാഹാരം തുടരുന്നു. പ്രശ്നപരിഹാരമില്ലാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണവർ. മാതാപിതാക്കളുടെ സമരത്തിന് പിന്തുണ നല്‍കി ജിഷ്ണുവിെൻറ സഹോദരി അവിഷ്ണ കോഴിക്കോട്ട് വളയത്തെ വീട്ടില്‍ നിരാഹാരം തുടങ്ങി. വ്യാഴാഴ്ച രാവിലെ മുതലാണ് സമരം ആരംഭിച്ചത്. അച്ഛനും അമ്മയും തിരിച്ച് എത്തുന്നതുവരെ നിരാഹാരം കിടക്കുമെന്ന നിലപാടിലാണ് അവിഷ്ണ. വീട്ടിൽ ഇന്നുമുതൽ മറ്റു ബന്ധുക്കളും നിരാഹാരം തുടങ്ങുമെന്ന് അറിയിച്ചു. ഇതേതുടർന്ന് ഇന്നലെ രാത്രി മുതൽ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. തിരുവനന്തപുരത്ത് മഹിജക്ക് പുറമെ അമ്മാവൻ ശ്രീജിത്തും ചികിത്സയിലാണ്. പിതാവ് അശോകനും മറ്റ് ബന്ധുക്കളും ആശുപത്രിക്ക് പുറത്തും നിരാഹാരം തുടരുന്നു. ജിഷ്ണുവിെൻറ സഹോദരി അവിഷ്ണ വീട്ടിലും നിരാഹാരത്തിലാണ്. ആശുപത്രിയിൽനിന്ന് വിട്ടാൽ ഡി.ജി.പി ഒാഫിസിന് മുന്നിൽ സമരം നടത്തുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
അതിനിടെ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മഹിജയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. അത് അവർ തള്ളിയിട്ടില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഹിജയുടെ ആരോഗ്യനില തൃപ്തികരമല്ല. നട്ടെല്ല്, ഇടുപ്പ് എന്നിവിടങ്ങളില്‍ വേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് എം.ആർ.ഐ സ്കാനിങ്ങിന് വിധേയമാക്കി.ശ്രീജിത്തിനെ വി.എസ്. അച്യുതാനന്ദന്‍ ടെലിഫോണില്‍ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചു. ന്യായമായ സമരത്തിന് എല്ലാവിധ പിന്തുണയും അറിയിച്ച വി.എസ് എന്ത് ആവശ്യമുണ്ടായാലും വിളിക്കണമെന്നും ശ്രീജിത്തിനോട് പറഞ്ഞു. പാമ്പാടി നെഹ്‌റു കോളജ് അധികൃതര്‍ വനഭൂമി കൈേയറിയെന്ന് ആരോപിച്ച് ശ്രീജിത്ത് നല്‍കിയ പരാതിയിന്മേല്‍ വനം, റവന്യൂ വകുപ്പുകളുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഭൂമി റീസര്‍വേ നടത്താനുള്ള നടപടി ഉണ്ടാവുമെന്നും വി.എസ് അറിയിച്ചു.
അവിഷ്ണയുടെ സമരത്തിന് പിന്തുണയുമായി നിരവധിപേര്‍ വളയം പൂവ്വംവയലിലെ വീട്ടിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് സമരത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് സമരത്തിന് പിന്തുണ നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു. പിന്നാലെ റൂറല്‍ എസ്.പി എം.കെ. പുഷ്കരെൻറ നിർദേശ പ്രകാരം പൊലീസ് വീട്ടിലെത്തി സമരത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. അമ്മ മഹിജയും മകളെ വിളിച്ച് സമരത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും നിരാഹാര സമരവുമായി മുന്നോട്ടു പോവുകയായിരുന്നു. അമ്മയുടെ നേരെ ഉണ്ടായ അതിക്രമത്തെ ഏട്ടന്‍ വിശ്വസിച്ച പ്രസ്ഥാനത്തിലെ നേതാക്കള്‍ ന്യായീകരിക്കുന്നതില്‍ വേദനയുണ്ടെന്ന് അവിഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.