എ.ബി.വി.പി ആക്രമണത്തിന് ഡൽഹി പൊലീസ് കൂട്ടുനിന്നു -കെ.കെ. രാഗേഷ്

കോഴിക്കോട്: ഡൽഹി ജെ.എൻ.യുവിൽ എ.ബി.വി.പി നടത്തിയ ആക്രമണത്തിന് ഡൽഹി പൊലീസ് കൂട്ടുനിന്നുവെന്ന് കെ.കെ. രാഗേഷ് എം.പി. അക്രമത്തിനിരയായി ഗുരുതര പരിക്കേറ്റ വിദ്യാർഥികളെ വീണ്ടും ആക്രമിക്കാനാണ് പൊലീസുകാർ ശ്രമിച്ചത്. പൊലീസിനൊപ്പം മുഖംമൂടിയണിഞ്ഞ് കൈയ്യിൽ ദണ്ഡയുമായി ചിലർ ഉണ്ടായിരുന്നു. ആക്രമണം ഭരണ നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് വ്യക്ത മായെന്നും കെ.കെ. രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഡൽഹി ജവഹർലാൽ നെ ഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികൾക്ക് നേരെ പുറമേനിന്നെത്തിയ ആർ.എസ്.എസ്. എ.ബി.വി.പി സംഘം ഭീകരമായ അക്രമം അഴി ച്ചുവിട്ടു എന്ന വാർത്തയാണ് ഇന്നലെ ഡൽഹിയിൽ എത്തിയ ഉടൻ അറിയാൻ കഴിഞ്ഞത്. ജെ.എൻ.യു.എസ്.യു. പ്രസിഡന്‍റ് ഐഷി ഘോഷ് ഉൾപ് പെടെയുള്ള വിദ്യാർഥികൾക്ക് ഗുരുതരമായ പരിക്കേറ്റു എന്നറിഞ്ഞ ഉടൻ എയിംസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ പ രിക്കേറ്റ നിരവധി വിദ്യാർഥികളെ ട്രോമാ കെയർ സെന്‍ററിൽ എത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഐഷി ഘോഷിനെ അടിയന്തിര സ്‌കാനിങ്ങിന് വിധേയമാക്കി. സുചിത്ര സെൻ, അമിത് പരമേശ്വരൻ തുടങ്ങിയ പ്രൊഫസർമാർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.

ഇരുമ്പു ദണ്ഡ്‌കൊണ്ട് തലക്കടിയേറ്റ ഒരു വിദ്യാർഥി അബോധാവസ്ഥയിലായിരുന്നു. ജെ.എൻ.യുവിൽ അപ്പോഴും സംഘപരിവാർ അക്രമം അഴിച്ചുവിടുകയാണ് എന്നറിഞ്ഞതിനെ തുടർന്ന് നേരെ ജെ.എൻ.യുവിലേക്ക് പുറപ്പെട്ടു. മെയിൻ ഗേറ്റ് പൂർണമായും ആർ.എസ്.എസ്സിന്‍റെ നിയന്ത്രണത്തിലായിരുന്നു. വാഹനങ്ങൾ തല്ലിത്തകർത്തപ്പോഴും ആംബുലൻസ് പോലും തടഞ്ഞുവെച്ചപ്പോഴും നേതാക്കളെ ആക്രമിച്ചപ്പോഴുമെല്ലാം ഡൽഹി പൊലീസ് കേവലം കാഴ്ചക്കാരായി മാറുകയായിരുന്നു. മറ്റൊരു ഗേറ്റിലൂടെ ഞാനും വിജു കൃഷ്ണനും ചേർന്ന്‌ ജെ.എൻ.യുവിനകത്ത് കടന്നു.

അവിടെ അക്രമത്തിനിരയായ വിദ്യാർഥികൾ കൂട്ടംകൂടി നിൽക്കുകയാണ്. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കണ്ട കാഴ്ച നൂറുകണക്കിന് പൊലീസുകാർ ഈ വിദ്യാർഥികൾക്ക് നേരെ പാഞ്ഞടുക്കുന്നതാണ്. സമാധാനപരമായി കാമ്പസിനകത്ത് കുത്തിയിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് പൊലീസിന്‍റെ ഈ അതിക്രമം. ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങി പൊലീസിനെ തടഞ്ഞതിനെ തുടർന്നാണ് പൊലീസ് പിന്മാറിയത്. അപ്പോഴാണ് പൊലീസിന്‍റെ കൂടെ മുഖംമൂടിയണിഞ്ഞ് കയ്യിൽ ദണ്ഡയുമായി വേറെയും ചിലരെ കാണുന്നത്!

ജെ.എൻ.യുവിൽ നടന്ന ഭീകരമായ വിദ്യാർഥിവേട്ട അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്‍റെ ഒത്താശയോടെയാണെന്ന് വ്യക്തം. ജെ.എൻ.യു.എസ്.യു. പ്രസിഡന്‍റിനെയും അധ്യാപകരെയും ഉൾപ്പെടെ മുഖംമൂടിയണിഞ്ഞ് മാരകായുധങ്ങളുമായി വേട്ടയാടിയ ക്രിമിനലുകൾ ഗേറ്റിന് പുറത്ത് കൊലവിളി നടത്തിയപ്പോൾ പൊലീസ് ഒരു നടപടിയും എടുത്തുകണ്ടില്ല. ഡി.സി.പിയും കമീഷണറും ഉൾപ്പെടെയുള്ള ഡൽഹി പൊലീസ് മേധാവികളാകെ സ്ഥലത്തുണ്ടായിരുന്നു.
നൂറോളം വരുന്ന ക്രിമിനലുകളെ ആയിരത്തോളം വരുന്ന പൊലീസ് സംഘത്തിന് നിഷ്പ്രയാസം അറസ്റ്റ് ചെയ്യാനാവുമായിരുന്നു. സ്ഥലത്തുവെച്ചു തന്നെ ഡി.സി.പിയോടും കമീഷണറോടും അക്രമകാരികളെ അറസ്റ്റു ചെയ്യണമെന്ന നിലയിൽ എം.പി. എന്ന നിലയിൽ ഞാനാവശ്യപ്പെട്ടു. എന്നാൽ അതൊന്നും ചെയ്യാതെ ജെ.എൻ.യുവിലെ വിദ്യാർഥികളെ സംഘപരിവാർ ക്രിമിനലുകൾക്കൊപ്പം ചേർന്ന് അക്രമിക്കാൻ ശ്രമിക്കുന്ന കാഴ്ചക്കാണ് സാക്ഷിയാവേണ്ടിവന്നത്. ഒരു പക്ഷെ ഞങ്ങളവിടെ എത്തിയില്ലായിരുന്നുവെങ്കിൽ, ജെ.എൻ.യുവിലെ അധ്യാപകരാകെ ഒറ്റക്കെട്ടായി ഈ നീക്കത്തെ തടഞ്ഞില്ലായിരുന്നുവെങ്കിൽ വിദ്യാർഥികളെ പൊലീസും തല്ലിച്ചതക്കുമായിരുന്നു.

വിദ്യാർഥികൾക്ക് നേരെയുള്ള അക്രമവാർത്ത പുറംലോകമറിഞ്ഞതോടെ ആരുടെയും ആഹ്വാനമില്ലാതെതന്നെ വിദ്യാർഥികളും യുവാക്കളും തെരുവിലേക്കിറങ്ങിവരുന്ന കാഴ്ചയാണ് കണ്ടത്. ഡൽഹി പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിന് മുന്നിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. പുലർച്ചെവരെ വിദ്യാർഥി പ്രതിഷേധം തുടർന്നു. ഇത് അമിത്ഷായ്ക്കും കൂട്ടർക്കുമുള്ള ശക്തമായ താക്കീതായിരുന്നു.

ജെ.എൻ.യുവിന് നേരെ നടന്ന കടന്നാക്രമണം യാദൃച്ഛികമല്ല. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തെ കാമ്പസ്സുകൾ ശക്തമായ പ്രതിഷേധത്തിലാണ്. ഫീസ് വർധനവിനെതിരെ ജെ.എൻ.യുവിൽ ആരംഭിച്ച സമരങ്ങൾക്ക് പൗരത്വ ഭേദഗതി നിയമത്തോടെ പുതിയ മാനങ്ങൾ കൈവന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തെ നിരവധി സർവകലാശാലകളിൽ അലയടിച്ചു. ഈ പോരാട്ടങ്ങളുടെയാകെ ശക്തിസ്രോതസ്സും ധൈഷണിക നേതൃത്വവുമാണ് ജെ.എൻ.യു. ആ ജെ.എൻ.യുവിനെ മർദ്ദിച്ച് ഇല്ലാതാക്കിക്കളയാമെന്ന ലക്ഷ്യത്തോടെ, ഉന്നത ബി.ജെ.പി നേതാക്കളുടെയും കേന്ദ്ര ഭരണാധികാരികളുടെയും അറിവും ഒത്താശയുമോടെ അക്രമകാരികൾക്ക് ഒപ്പംനിന്ന് ഇരകളെ വേട്ടയാടുന്ന ഗുജറാത്ത് മോഡൽ പൊലീസ് സംവിധാനത്തെയാണ് ഇന്നലെ ജെ.എൻ.യുവിൽ കണ്ടത്. അക്രമം ആസൂത്രണം ചെയ്യുന്നതിന് പ്രത്യേകം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി.

ഏതൊക്കെ ഹോസ്റ്റലുകളിൽ ആരെയൊക്കെ ആക്രമിക്കണം, ഏത് ഗേറ്റുവഴി അകത്തുകടക്കണം എന്നെല്ലാം ആസൂത്രണം ചെയ്ത് നടത്തിയ കടന്നാക്രമണം ഭരണനേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് വ്യക്തം. രാജ്യം എവിടേക്കാണ് പോകുന്നത് എന്നതിന്‍റെ സൂചനയാണിത്. ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരായി സ്വയംസന്നദ്ധമായി ഇന്നലെ ജനങ്ങൾ തെരുവിലിറങ്ങിയെന്നത് വരുംനാളുകളിലെ പോരാട്ടങ്ങൾക്ക് ഊർജം പകരുക തന്നെ ചെയ്യും.

Tags:    
News Summary - JNU abvp Attack KK Ragesh -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.