കാലാവസ്ഥ മുന്നറിയിപ്പ് മൂലം തൊഴിൽ നഷ്ടം: 50.027 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര ന്യൂനമര്‍ദ-ചുഴലിക്കാറ്റ് മുന്നറിയിപ്പ് മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യമേഖലയിലെ കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 50.027 കോടി രൂപ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

2022 ഏപ്രില്‍, േമയ്, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പ് കാരണം നഷ്ടപ്പെട്ടത്. ഒരു തൊഴില്‍ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് നൽകുക. ഇത് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ലഭിക്കും. മുമ്പ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം നല്‍കിയിരുന്നതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.

2022ലെ കാലവർഷക്കെടുതിയിൽ ആലപ്പുഴ ചമ്പക്കുളം വില്ലേജിൽ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും നഷ്ടപ്പെട്ട ഓമനക്കുട്ടൻ, ജയകുമാർ എന്നിവരെ പുനരധിവസിപ്പിക്കാൻ ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനുപുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 18,09,800 രൂപ അനുവദിക്കും.

കോഴിക്കോട് കരുവട്ടൂർ പഞ്ചായത്തിലെ പോലൂർ വില്ലേജിലെ ബിജുവിന്‍റെ വീട്ടിൽ അസാധാരണ ശബ്ദം കേൾക്കുകയും ചുവരുകൾ വിണ്ടുകീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാൻ ദുരന്തനിവാരണ അതോറിറ്റി ശിപാർശ ചെയ്ത പ്രവൃത്തികൾ ചെയ്യാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിക്കും. നാല് ലക്ഷം രൂപയോ യഥാർഥത്തിൽ ചെലവാകുന്ന തുകയോ ഏതാണ് കുറവ് അതാവും നൽകുക.

Tags:    
News Summary - Job loss due to weather warning: 50.027 crore sanctioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.