കൊച്ചി: മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിൽ അറസ്റ്റിലായ കലൂരിലെ ഓറിയോണ്‍ സൊല്യൂഷന്‍ കണ്‍സള്‍ട്ടേഷന്‍ അനക്‌സ് എന്ന സ്ഥാപന ഉടമക്കെതിരെ മൂന്ന് കേസുകൂടി രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം സ്വദേശിയും എറണാകുളം പുക്കാട്ടുപടിയിൽ താമസിച്ചുവരുകയുമായിരുന്ന എസ്. സജുവിനെതിരെയാണ് കേസ്. എറണാകുളം നോര്‍ത്ത്, കളമശ്ശേരി സ്റ്റേഷനുകളിലാണ് പുതിയ പരാതി. അങ്കമാലി സ്വദേശിയുടെ പരാതിയെത്തുടർന്ന് ഇയാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇയാള്‍ ഉദ്യോഗാര്‍ഥികളെ കെണിയില്‍ വീഴ്ത്തിയിരുന്നത്.
ഒരു ലക്ഷം രൂപ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കൈക്കലാക്കും. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോള്‍ വിസയും മറ്റും ശരിയായില്ലെന്നും പണം ഉടന്‍ തിരികെ നല്‍കാമെന്നും വാഗ്ദാനം ചെയ്യും. പണം ആവശ്യപ്പെട്ടാലും ഓരോ കാരണങ്ങള്‍ നിരത്തി ഒഴിവാകുകയാണ് ചെയ്തിരുന്നത്. അതിനിടെ സ്ഥാപനത്തില്‍നിന്ന് വിവിധ കോഴ്‌സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ബിരുദം, ബി.ടെക്, പ്ലസ് ടു, എൽഎൽ.ബി കോഴ്‌സുകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നൽകിയിരുന്നുവെന്നാണ് സൂചന. ഇവിടെ ജോലി ചെയ്തിരുന്നവര്‍ക്ക് കൃത്യമായി ശമ്പളം നൽകിയിരുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.