സംസ്ഥാന സർക്കാർ സർവിസിൽ രണ്ടു ശതമാനമാണ് പട്ടികവർഗക്കാർക്കുള്ള സംവരണം. ഇന്ത്യയിലെ 36 പട്ടികവർഗ സമുദായങ്ങളിൽ 12 വിഭാഗങ്ങളിലുള്ളവരാണ് കേരളത്തിലെ 90 ശതമാനം ആദിവാസികളും. എന്നാൽ, സർക്കാർ ജോലികളിൽ മിക്കതും സ്വന്തമാക്കുന്നത് സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മലയരയൻ, കാണി, കുറിച്യ, കുറുമ തുടങ്ങിയ ചുരുക്കം വിഭാഗങ്ങളിൽനിന്നുള്ളവരാണ്.
ഉന്നത യോഗ്യതകൾ സ്വന്തമാക്കുമ്പോഴും, താഴെത്തട്ടിൽ നിൽക്കുന്ന ആദിവാസി സമുദായക്കാർ മത്സരപരീക്ഷകളിൽ എന്നും പിന്തള്ളപ്പെടുന്നു. മെഡിക്കൽ, എൻജിനീയറിങ് പ്രവേശ പരീക്ഷകളിലും ഇതുതന്നെയാണ് അവസ്ഥ. വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലായി കേരളത്തിലെ ആദിവാസികളിലെ 62.25 ശതമാനം പേർ അധിവസിക്കുമ്പോൾ സംവരണം ഉപയോഗപ്പെടുത്തി ജോലിയിൽ കയറിപ്പറ്റുന്നത് അധികവും ഈ ജില്ലകൾക്ക് പുറത്തുള്ളവരാണ്.
വയനാട്ടിലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ വരെ മറ്റു ജില്ലകളിൽനിന്നുള്ള, കൂടുതൽ മെച്ചപ്പെട്ട നിലയിലുള്ള പട്ടിക വർഗ വിഭാഗക്കാർ സംവരണത്തിെൻറ ആനുകൂല്യത്തിൽ കയറിപ്പറ്റുമ്പോൾ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗക്കാരൊക്കെ ഇപ്പോഴും കാഴ്ചക്കാർ മാത്രമാകുന്നു. സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയിൽ ഏറ്റവും കൂടുതലുള്ള പണിയ വിഭാഗം (22.40 ശതമാനം) ഈ മത്സരത്തിൽ ബഹുദൂരം പിന്തള്ളപ്പെട്ടു പോവുന്നു. അട്ടപ്പാടിയിലുള്ള ഇരുള വിഭാഗവും (6.5 ശതമാനം) പ്രാക്തന ഗോത്രവർഗമായ കാട്ടുനായ്ക്കരും (നാലു ശതമാനം) പണിയർക്കൊപ്പം ജോലിയിൽനിന്ന് തീണ്ടാപ്പാടകലെതന്നെ. പണിയ, അടിയ വിഭാഗക്കാരിൽ 2.6 ശതമാനം മാത്രമാണ് സർക്കാർ/അർധ സർക്കാർ ജോലികളിലുള്ളത്. ഒമ്പതു ശതമാനം മാത്രമുള്ള മലയരയരാകട്ടെ, ജോലി നേടുന്നതിൽ ബഹുദൂരം മുന്നിലാണ്.
സിവിൽ സർവിസ് പരീക്ഷകളിലും പട്ടിക വർഗ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് അവരാണ്. തലമുറകൾക്കു മുമ്പേ ക്രിസ്തുമതം സ്വീകരിച്ചവരാണ് മലയരയ വിഭാഗക്കാരിൽ പകുതിയോളം പേരും. കേരളത്തിലെ 35,000ത്തോളം പേരിൽ കോട്ടയത്താണ് മലയരയ വിഭാഗം ഏറെയുള്ളത്. ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും ഇവരുടെ സാന്നിധ്യമുണ്ട്.
വിദ്യാഭ്യാസത്തിെൻറ കാര്യത്തിലും ഈ അന്തരം പ്രകടമാണ്. കാട്ടുനായ്ക്ക, അടിയ, ഇരുള, പണിയ, മുതുവ, ഈരാളി വിഭാഗങ്ങൾ പഠനത്തിൽ ഏറെ പിന്നാക്കം നിൽക്കുമ്പോൾ കുറുമ, കുറിച്യ വിഭാഗക്കാരിൽ കാര്യങ്ങൾ കുറച്ചുകൂടി ഭേദമാണ്. എന്നാൽ, മലയരയ വിഭാഗത്തിൽ ഏറിയ കൂറും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ജനറൽ കാറ്റഗറിക്കൊപ്പം മത്സരിക്കാൻ കരുത്തുള്ള മലയരയർ, മികച്ച പരിശീലനവും തയാറെടുപ്പും നടത്തിയെത്തുമ്പോൾ പിന്നാക്ക വിഭാഗക്കാർക്ക് പി.എസ്.സി അടക്കമുള്ള പരീക്ഷകളിൽ അവരോട് പൊരുതി നിൽക്കാൻ കഴിയുന്നേയില്ല.
എക്സൈസ് വകുപ്പ് വയനാട് ജില്ലയിൽ എക്സൈസ് ഗാർഡ്/വനിത ഗാർഡ് ഒഴിവിലേക്ക് നടത്തിയ നിയമനത്തിനായി 2015 ജൂലൈയിൽ നിലവിൽവന്ന 315/15 പി.എസ്.സി റാങ്ക് ലിസ്റ്റിൽ ആദ്യ 16 പേരിൽ പണിയ, അടിയ വിഭാഗക്കാരിൽനിന്ന് ഒരാൾ പോലുമില്ല. കാട്ടുനായ്ക്ക വിഭാഗത്തിൽനിന്ന് ഒരാൾ മാത്രമാണുള്ളത്. വയനാട്ടിൽ വിരലിലെണ്ണാവുന്നവർ മാത്രമുള്ള മലയരയ സമുദായത്തിൽനിന്ന് ഒന്നാം റാങ്കുകാരനടക്കം നാലു പേരാണ് ലിസ്റ്റിലുള്ളത്. ഒമ്പതു കുറിച്യവിഭാഗക്കാരും നാലു കുറുമ വിഭാഗക്കാരുമാണ് മറ്റുള്ളവർ.
കേരള സ്റ്റേറ്റ് പട്ടികജാതി പട്ടിക വർഗ വികസന കോർപറേഷനിൽ ഡ്രാഫ്റ്റ്സ്മാൻ േഗ്രഡ് രണ്ട് ഒഴിവിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ആദ്യ രണ്ടു സ്ഥാനക്കാർ മലയരയ വിഭാഗക്കാരാണ്. മൂന്നും നാലും സ്ഥാനങ്ങളിൽ കുറുമ വിഭാഗക്കാരും. കാട്ടുനായ്ക്ക സമുദായക്കാർ മരുന്നിനുപോലും ഈ ലിസ്റ്റിലില്ല. കഴിഞ്ഞ വർഷം എൽ.ഡി ക്ലാർക്ക് ഒഴിവിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ എസ്.ടി വിഭാഗത്തിൽ ആദ്യത്തെ 25 പേരിൽ ഒരു കാട്ടുനായ്ക്കൻ മാത്രമാണുള്ളത്.
പണിയ, അടിയ വിഭാഗക്കാർ ആരും ഇതിൽ ഉൾപ്പെട്ടിട്ടില്ല. വയനാട് ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് എസ്.സി- എസ്.ടിക്കാരിൽനിന്ന് നടത്തിയ സ്പെഷൽ റിക്രൂട്ട്മെൻറിൽ 14 പേരുള്ള മെയിൻ ലിസ്റ്റിലോ നാലു പേരുള്ള സപ്ലിമെൻററി ലിസ്റ്റിലോ ഒരു പണിയനോ കാട്ടുനായ്ക്കനോ ഇല്ല. കഴിഞ്ഞ വർഷം വനിത സിവിൽ എക്സൈസ് ഗാർഡുമാരുടെ ഒഴിവിലേക്ക് പട്ടികവർഗത്തിൽനിന്നുള്ള അഞ്ചുപേരിൽ മൂന്നു കുറിച്യരും ഒാരോ മലയരയ, കുറുമ വിഭാഗക്കാരുമാണുള്ളത്. എല്ലാ റാങ്ക് ലിസ്റ്റുകളിലും അവസ്ഥ ഇതുതന്നെ.
വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും ഇപ്പോൾ വിദ്യാസമ്പന്നരായ ആദിവാസി യുവതീയുവാക്കൾ ഒരുപാടുണ്ട്. ജില്ലാ പട്ടികവർഗ വികസന ഓഫിസിൽനിന്നുള്ള ഏകദേശ കണക്കുപ്രകാരം വയനാട് ജില്ലയിൽ എസ്.എസ്.എൽ.സി പാസായ 1085 ആദിവാസി വിഭാഗക്കാരുണ്ട്. പ്ലസ് ടു പാസായവരുടെ എണ്ണം 646 ആണ്. 154 ബിരുദധാരികളാണ് ജില്ലയിലെ പട്ടിക വർഗക്കാർക്കിടയിലുള്ളത്. ബിരുദാനന്തര ബിരുദം കഴിഞ്ഞവർ 32 പേർ. പ്രഫഷനൽ കോഴ്സുകൾ പാസായവരുടെ എണ്ണം 201 ആണ്. ഈ കണക്കുകളിൽ വർധനയുണ്ടാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ബിരുദാനന്തര ബിരുദം ഉള്ളവരടക്കം ഭൂരിഭാഗവും ഇപ്പോഴും തൊഴിലിനായി അലയുകയാണ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.