ജോയിക്ക് കണ്ണീർമടക്കം; സംസ്കാരചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം മാരായമുട്ടത്തെ വീട്ടിൽ സംസ്കരിച്ചു.  ശനിയാഴ്ച രാവിലെ 11മണിയോടെയാണ് ജോയിയെ ആമയിഴഞ്ചാൻ തോടെന്ന മാലിന്യക്കയത്തിൽ പെട്ട് കാണാതായത്. 46 മണിക്കൂറിനു ശേഷം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തകരപ്പറമ്പ് വഞ്ചിയൂർ റോ‍ഡിലെ കനാലിൽ നിന്നുമാണ് ജീർണിച്ച അവസ്ഥയിൽ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങൾക്കിടയിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. ഒടുവിൽ മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Tags:    
News Summary - Joey's body was cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.