കോട്ടയം: ''മക്കളാകാൻ പ്രായമുള്ളവർവരെ മൂന്നുതവണ എം.എൽ.എമാരായി. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷക്ക് പോലും അർഹിക്കുന്ന പരിഗണനയില്ലെങ്കിൽ അപമാനിക്കുന്നതിന് തുല്യമാണത്. സ്ഥാനാർഥിപ്പട്ടിക വരുന്ന അവസാനനിമിഷം വരെ വിശ്വാസത്തോടെ കാത്തിരിക്കും...'' സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് വൈകാരികമായി പ്രതികരിച്ച് മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. പ്രീ ഡിഗ്രി കാലം മുതൽ 40 വർഷമായി നെേഞ്ചറ്റുന്ന കൊടിയാണിത്.
കോട്ടയം ജില്ല പഞ്ചായത്തിെൻറ പ്രഥമ പ്രസിഡൻറായിരുന്നു. ലതിക സുഭാഷ് എന്ന വ്യക്തിക്ക് പ്രാധാന്യമില്ല. എന്നാൽ, മഹിള കോൺഗ്രസ് അധ്യക്ഷയെ പരിഗണിക്കാതിരിക്കുന്നത് മോശം സന്ദേശമാണ് താഴെത്തട്ടിലെ പ്രവർത്തകരിലേക്കെത്തിക്കുക. 2000 മുതൽ എല്ലാ തെരഞ്ഞെടുപ്പുകാലത്തും തെൻറ പേരുകേൾക്കും. പിന്നെ മറ്റാരെങ്കിലുംവരും. 2011ൽ മലമ്പുഴയിൽ പോയി മത്സരിക്കാൻ പാർട്ടി പറഞ്ഞു. മത്സരിച്ചുതോറ്റ് അപവാദം കേട്ടാണ് തിരിച്ചുവന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയിൽ 24 ദിവസവും താൻ കൂടെയുണ്ടായിരുന്നു. പാർട്ടി പറയുന്ന എല്ലാ ചുമതലകളും കൃത്യമായി നിർവഹിച്ചു. എല്ലാ കാലത്തും മഹിള കോൺഗ്രസ് അധ്യക്ഷക്ക് സീറ്റ് നൽകാറുണ്ട്. ആ പരിഗണന ഇത്തവണയും ലഭിക്കുമെന്നാണ് ഉറച്ച വിശ്വാസം. അർഹിക്കുന്ന പരിഗണന നൽകാത്തതിനെതിരെ പ്രതികരിക്കണമെന്ന് സഹപ്രവർത്തകർ പറയുന്നു. അവസാനനിമിഷം വരെ ക്ഷമയോടെ കാത്തിരിക്കാനാണ് താൻ അവേരാട് പറഞ്ഞത്. ഞായറാഴ്ച സ്ഥാനാർഥിപ്പട്ടിക വരും. അതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ തീരുമാനമെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്. സീറ്റ് ലഭിച്ചില്ലെങ്കിൽ മാത്രം അപ്പോൾ പ്രതികരിക്കാം. സുരക്ഷിതമല്ലാത്ത മണ്ഡലത്തിൽ മത്സരിക്കാനും താനില്ല.
ഇക്കാര്യങ്ങൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ കാണാൻ പോയിരുന്നു. അദ്ദേഹത്തോട് കാര്യങ്ങൾ സംസാരിച്ചു. ദേശീയ നേതൃത്വവും തന്നെ ബന്ധപ്പെട്ടിരുന്നതായി ലതിക സുഭാഷ് പറഞ്ഞു. ഇതിനിടയിൽ, സീറ്റ് ലഭിച്ചില്ലെങ്കിൽ ലതിക സുഭാഷ് ബി.ജെ.പിയിൽ ചേരുമെന്നും ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായും ഉയർന്ന അഭ്യൂഹങ്ങൾ ഇവർ നിഷേധിച്ചു. ആ വാർത്തകൾ അടിസ്ഥാനരഹിതമാണ്. താൻ പാർട്ടി വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ലതിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.