കൊച്ചി: നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ റിമാൻഡിലുള്ള കോൺഗ്രസ് പ്രവർത്തകൻ പി.ജെ. ജോസഫിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡിൽ കഴിയുന്ന ജോസഫിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. ഇന്ധന വില വർധനയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെയാണ് ജോജു സമരത്തിനെതിരെ പ്രതിഷേധിച്ചതും തുടർന്ന് വാഹനത്തിന്‍റെ ചില്ല് തകർത്തതും.
പ്രതി ജോസഫിന് ജാമ്യം നൽകരുതെന്ന് ജോജു ജോർജ് ആവശ്യപ്പെട്ടിരുന്നു. കാറിന്‍റെ ഡോർ സമരക്കാർ ബലമായി തുറക്കുകയായിരുന്നു. ഇവർ തന്നെ ചീത്ത വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തന്‍റെ കാറിന് ആറ് ലക്ഷം രൂപയുടെ കേടുപാടുകളാണ് പ്രതികൾ വരുത്തിയത്. തെറ്റായ ആരോപണം ഉന്നയിച്ച പ്രതിക്ക് ജാമ്യം നൽകരുതെന്ന ജോജു ഉന്നയിച്ചു.
പ്രോസിക്യൂഷനും പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്തു. എന്നാൽ കേസിൽ ജോജു കക്ഷി ചേരേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. നേരത്തേ അപേക്ഷ സമർപ്പിച്ചതിന് ശേഷമാണ് ഉപരോധം നടത്തിയതെന്ന് പ്രതി പറഞ്ഞു. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്‍റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ ഇന്ന് രാവിലെയാണ് ജോജു കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
വി.ഡി. സതീശൻ, ഹൈബി ഈഡൻ എന്നിവർ മുൻകൈയെടുത്ത് നടത്തിയ സമവായ ചർച്ച വിജയിച്ചുവെന്നും കേസ് പിൻവലിക്കാൻ ജോജു തയാറാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതേക്കുറിച്ച് ജോജു പ്രതികരിച്ചിരുന്നില്ല. കേസിൽ ജോസഫിനെ കൂടാതെ അഞ്ച് പേർ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു.
ജോജുവിന്‍റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തിൽ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്‍റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയും വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്‍റെ പരാതിയിൽ എട്ട് പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സമവായത്തിന് ജോജു തയാറായില്ലെങ്കിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.