തിരുവനന്തപുരം: അവിശ്വാസപ്രമേയം കൊണ്ടുവന്ന് സർക്കാറിനെ തകർക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് സർക്കാർ അവിശ്വാസത്തെ നേരിടുക. പ്രമേയചർച്ചയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കൂടി കേട്ട് വോട്ടിങ്ങിൽ പങ്കെടുത്തിട്ടേ പ്രതിപക്ഷം സഭ വിടാവൂ.
പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളിലെല്ലാം യു.ഡി.എഫ് പ്രതിസന്ധി വ്യക്തമാണ്. ഹാദിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയത് ലീഗ് സ്വാഗതം ചെയ്തപ്പോൾ കെ.സി.ബി.സി എതിർത്തു. കോൺഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കിയിട്ടില്ല. അയോധ്യയിൽ സുപ്രീംകോടതി നിർദേശം മറികടന്ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് ശിലയിട്ടപ്പോൾ ശിലാന്യാസത്തിന് വിളിക്കാത്തതിലെ പരിഭവമാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലക്ക് കൈമാറാൻ അനുവദിക്കില്ല. നേരത്തേ സ്വകാര്യവത്കരിക്കുന്നതിനെതിരെ നിവേദനം നൽകിയ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇപ്പോൾ ന്യായീകരിക്കുന്നത്. തീരുമാനത്തിനെതിരെ കേരള നിയമസഭ ഒന്നിച്ച് പ്രമേയം പാസാക്കണം. പ്രധാനമന്ത്രിക്ക് സി.പി.എം രണ്ടു ലക്ഷം ഇ-മെയിൽ സന്ദേശങ്ങളയക്കും.
രാജ്യസഭ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാനുള്ള ജോസ് കെ. മാണി വിഭാഗത്തിെൻറ നിലപാട് സ്വാഗതാർഹമാണ്. അവർ രാഷ്ട്രീയനിലപാട് വ്യക്തമാക്കിയാൽ മുന്നണിപ്രവേശനമടക്കമുള്ള കാര്യങ്ങളിൽ ചർച്ചയാകാം. പ്രതിപക്ഷനേതാവിനെ പോലെ പൂജയിലും മന്ത്രത്തിലുമൊന്നും വിശ്വസിക്കുന്നയാളല്ല താൻ. ആർ.എസ്.എസിനെ എതിർക്കുന്നതിനാലാണ് തന്നെ വർഗീയവാദിയെന്ന് അദ്ദേഹം വിളിക്കുന്നത് -കോടിയേരി പറഞ്ഞു. ലൈഫ് മിഷെൻറ വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ പദ്ധതി ഇടപാടിലെ കമീഷൻ തട്ടിപ്പ് വിജിലൻസ് അന്വേഷണ സാധ്യത പരിശോധിക്കണം. കമീഷൻ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ തെറ്റാണ്.
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് ചാനൽ വഴി നടത്തുന്ന വെളിപ്പെടുത്തലുകൾക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങേണ്ടതില്ല. വടക്കാഞ്ചേരി പദ്ധതിയിൽ 4.25 കോടി കമീഷൻ ഇടപാട് നടന്നെന്ന കൈരളി ചാനലിെൻറ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.