കോട്ടയം: ജോസ് കെ. മാണി രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് വീണ്ടും ഏറ്റെടുത്തതിെനച്ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം. അഞ്ച് എം.എൽ.എമാരും മുന്നിട്ടിറങ്ങി ജോസ് കെ. മാണിയെ സ്ഥാനാർഥിയാക്കിയത് പാർട്ടിക്കുള്ളിൽ ചേരിതിരിവിന് കാരണമായിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താൻ മുൻഗണന നൽകണമെന്നായിരുന്നു ഭൂരിപക്ഷം നേതാക്കളുടെയും വാദം. യു.ഡി.എഫിലായിരിെക്ക 2018ലാണ് ജോസ് കെ. മാണിക്ക് ആറുവർഷ കാലാവധിയുള്ള രാജ്യസഭാ സീറ്റ് ലഭിച്ചത്. യു.ഡി.എഫ് വിട്ടതോടെ 2021 ജനുവരിയിൽ ജോസ് കെ. മാണി എം.പി സ്ഥാനം രാജിവെച്ചു. ഇതിൽ അവശേഷിക്കുന്ന കാലയളവിലേക്കാണ് തെരെഞ്ഞടുപ്പ്.
പ്രത്യേകിച്ച് സ്ഥാനമൊന്നുമില്ലാത്ത പാർട്ടി ചെയർമാൻ ദേശീയ രാഷ്ട്രീയത്തിൽ പോകുന്നത് ഉചിതമാണെന്ന നിലപാടിൽ എം.എൽ.എമാർ ഉറച്ചുനിന്നപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് കെ.എം. മാണിയെപ്പോലെ ക്രൈസ്തവരുെടയും കർഷകരുടെയും നേതാവായി പാലാ മണ്ഡലം തിരിച്ചുപിടിക്കാനായിരുന്നു മുതിർന്ന നേതാക്കൾ നൽകിയ ഉപദേശം. ഇരുചേരിക്കുമിടയിലെ അഭിപ്രായ വ്യത്യാസം പാർട്ടിയുടെ ൈസബർ ഗ്രൂപ്പുകളിൽ തർക്കമായി വളർന്നിട്ടുണ്ട്.
പാലായിൽ തോറ്റതോടെ അപ്രതീക്ഷിത നേട്ടം ൈകവന്ന ചിലർ ജോസ് കെ. മാണിയെ ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് പാർട്ടിക്കുള്ളിൽ ആരോപണമുണ്ട്. കച്ചവടതാൽപര്യമുള്ള പാർട്ടിയിലെ ചിലരാണ് നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും കോട്ടയം ജില്ലയിലെ പ്രമുഖ സി.പി.എം നേതാവിെൻറ ഇടപെടലും ജോസ് കെ. മാണിക്ക് എതിരായ നീക്കങ്ങൾക്ക് പിന്നിലുണ്ടെന്നും ഒരുവിഭാഗം ആരോപിക്കുന്നു. സ്ഥാനാർഥിത്വത്തിലൂടെ ജോസ് കെ. മാണി അധികാരമോഹിയായി ചിത്രീകരിക്കപ്പെടും.
സർക്കാറിെൻറ പ്രോട്ടോകോളിൽ ഉൾപ്പെടുന്ന സ്ഥാനത്ത് പാർട്ടി ചെയർമാൻ എത്തുന്നത് നല്ലതാണെന്ന നിലപാടാണ് എം.എൽ.എമാരെ പിന്തുണക്കുന്നവർ ഉയർത്തിക്കാട്ടുന്നത്. മാർപാപ്പ ഇന്ത്യ സന്ദർശിക്കാനിരിക്കെ ഇത് വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും അവർ പറയുന്നു. അതിനിടെ, രാജ്യസഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരുവിഭാഗം പ്രവർത്തകരും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി ഭരണഘടനയുടെ 16ാം വകുപ്പ് 10ാം ഉപവകുപ്പ് പ്രകാരം നിയമസഭയിലേക്കും പാർലമെൻറിലേക്കുമുള്ള സ്ഥാനാർഥികളെ നിശ്ചയിക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയാണ്.
പാർട്ടി പ്രവർത്തകർ ഉൾപ്പെടുന്ന 101 അംഗങ്ങളുടെ സ്റ്റിയറിങ് കമ്മിറ്റിയിൽ ചോദ്യം ചെയ്യപ്പെടുമെന്നതിനാൽ എം.എൽ.എമാർ ഏകപക്ഷീയമായി ജോസ് കെ. മാണിയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് അവരുടെ ആരോപണം. നവംബർ 29ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ നവംബർ 16 വരെ സമയമുണ്ട്. എന്നിട്ടും പാർലമെൻററി പാർട്ടി യോഗം ചേർന്ന് ജോസ് കെ. മാണിയെ പ്രഖ്യാപിച്ചതിൽ ഒരു വിഭാഗം നേതാക്കൾ അസ്വസ്ഥരാണ്. ഭരണഘടനയുടെ 22ാം വകുപ്പ് നാലാം ഉപവകുപ്പ് പ്രകാരം സ്റ്റിയറിങ് കമ്മിറ്റിയുടെ താഴെയാണ് പാർലമെൻററി പാർട്ടിയുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.