അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി

കോട്ടയം: അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. ഇപ്പോഴത്തേത് വരുത്തിവെച്ച ദുരന്തമാണ്. ആനയെ സ്ഥലംമാറ്റിവിടുന്നത് വിദേശ രാജ്യങ്ങളിലടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായും ജോസ് കെ. മാണി വ്യക്തമാക്കി.

പരിഭ്രാന്തി സൃഷ്ടിക്കുന്ന ആനകളെ പിടികൂടി മെരുക്കുകയാണ് വേണ്ടത്. ജനവാസ കേന്ദ്രവുമായി ബന്ധപ്പെടാൻ സാധിക്കാത്ത സുരക്ഷാ വലയമുള്ള വന്യജീവി കേന്ദ്രത്തിലേക്ക് ആനയെ മാറ്റണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ കമ്പം ടൗണിലും ജനവാസ മേഖലയിലും അരിക്കൊമ്പൻ ഇറങ്ങുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തത്. കമ്പം ടൗണിലൂടെ സഞ്ചരിച്ച കാട്ടാന നിരവധി വാഹനങ്ങൾ തകർക്കുകയും ചെയ്തു. രാവിലെ കമ്പം ബൈപ്പാസിനും പ്രധാന റോഡിനും ഇടയിലുള്ള പുളിമരത്തോപ്പിലാണ് ആന നിലയുറപ്പിച്ചിരുന്നത്. ഇവിടെ നിന്നും തുരുത്തി ഓടിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് കമ്പം ടൗണിലേക്ക് ആന നീങ്ങിയത്.

അതേസമയം, അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി ഉൾക്കാട്ടിൽ വിടുമെന്ന് തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കി. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങും. ഉത്തരവ് ലഭിച്ചാലുടൻ പിടികൂടാനുള്ള തുടർന്ന് നടപടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കും. വെറ്റിനറി ഡോക്ടർ, കുങ്കിയാനകൾ, വാഹനം അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Jose K. Mani said that Arikomban mission was a failed experiment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.