കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി. പാർട്ടി കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ രാജിവെച്ചു. യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ കൂടിയായ സജി, ഈ സ്ഥാനവും ഒഴിഞ്ഞു. പാര്‍ട്ടി എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ ധാർഷ്ട്യനിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോന്‍സ് ജോസഫ് ഏകാധിപത്യപരമായാണ് പ്രവർത്തിക്കുന്നതെന്നും തന്നെ അപമാനിച്ച് ഇല്ലാതാക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പത്രിക സമര്‍പ്പണത്തിലോ റോഡ് ഷോയിലോ പങ്കെടുപ്പിച്ചില്ല. പാര്‍ട്ടിയില്‍ പി.ജെ. ജോസഫിനും മുകളിലാണ് മോന്‍സ് ജോസഫ്. മോൻസ് തന്നെ ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും നിറകണ്ണുകളോടെ സജി പറഞ്ഞു.
മാണി വിഭാഗത്തില്‍നിന്നെത്തിയവരെ അവശിഷ്ട മാണി വിഭാഗമെന്നാണ് വിളിക്കുന്നത്. മുതിർന്ന നേതാക്കളായ ജോയി എബ്രഹാം, ഇ.ജെ. ആഗസ്തി എന്നിവർക്കുപോലും ഇടപെടാന്‍ കഴിയാത്ത വിധമാണ് മോൻസിന്‍റെ പ്രവര്‍ത്തനം. പി.ജെ. ജോസഫിനെ പലതവണ പരാതി അറിയിച്ചിരുന്നു. അദ്ദേഹത്തിനും നിയന്ത്രിക്കാൻ കഴിയുന്നില്ല. മോൻസ് പ്രവർത്തിക്കുന്ന പാർട്ടിയിലും മുന്നണിയിലും ഇനിയില്ല. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജും നീതി കാണിച്ചില്ല. പൊതുപ്രവര്‍ത്തനരംഗത്ത് തുടരുമെങ്കിലും സജീവരാഷ്ട്രീയത്തിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: യു.ഡി.എഫിനെയും പാർട്ടിയെയും സജി മഞ്ഞക്കടമ്പിൽ വഞ്ചിച്ചതായി കേരള കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. നിർണായക തെരഞ്ഞെടുപ്പിന് നടുവിൽ യൂദാസിന്‍റെ പണിയാണ് അദ്ദേഹം കാണിച്ചത്. ഫ്രാൻസിസ് ജോർജിന്‍റെ വിജയത്തെ ഇത് ബാധിക്കില്ലെന്നും മോൻസ് ജോസഫ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സജി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഒരു പരാതിയും ഇതുവരെ ഉന്നയിച്ചിട്ടില്ല. നേതൃത്വത്തിലുള്ള ആരോടും ഇക്കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. യു.ഡി.എഫിലും പരാതി പറഞ്ഞിട്ടില്ല. ഇതിന് പിന്നിലുള്ള ദുരൂഹത അന്വേഷിക്കണം. തനിക്ക് മാത്രമായി പാര്‍ട്ടിയില്‍ എന്തെങ്കിലും തീരുമാനമെടുക്കാന്‍ കഴിയില്ല. സജിയുടെ രാജി എല്‍.ഡി.എഫിന്‍റെ നീക്കമായി കരുതുന്നില്ല. അപരന്മാരുടെ പത്രിക തള്ളിയതിനുശേഷം എല്‍.ഡി.എഫിലെ ചിലര്‍ക്ക് ജാള്യതയുണ്ടായിരുന്നു. അതിന്‍റെ പ്രതിഫലനമുണ്ടായോയെന്നും അന്വേഷിക്കണം. രാജിക്ക് പിന്നില്‍, രാഷ്ട്രീയ എതിരാളികളും വൈരാഗ്യക്കാരുമുണ്ട് -മോന്‍സ് പറഞ്ഞു. കോട്ടയത്ത് നടന്ന റോഡ് ഷോയിലേക്കും വെള്ളിയാഴ്ച പാലായില്‍ നടന്ന വാർത്തസമ്മേളനത്തിലേക്കും സജിയെ വിളിച്ചിരുന്നു. ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സജി ചില അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് താന്‍ മാറി യു.ഡി.എഫ് ചെയര്‍മാന്‍സ്ഥാനം നല്‍കിയത്. സാധ്യത വന്നാല്‍ നിയമസഭ സീറ്റില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് താനും പി.ജെ. ജോസഫും ഉറപ്പുനൽകിയിരുന്നു. പാർട്ടി മികച്ച നിലയിലാണ് സജിയെ പരിഗണിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: സജി മഞ്ഞക്കടമ്പിലിന്‍റെ രാജി യു.ഡി.എഫിനെ ബാധിക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. യു.ഡി.എഫിനുമുന്നില്‍ സജി മഞ്ഞക്കടമ്പിലിന്‍റെ പരാതി വന്നിട്ടില്ല. അപ്രതീക്ഷിതമായി പരാതി എങ്ങനെയുണ്ടായെന്ന് പരിശോധിക്കണം. നേരത്തേ പറഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്നുവെന്നാണ് വിശ്വാസം.
എല്ലാവരും ഒന്നിച്ചുപോകണമെന്നാണ് ആഗ്രഹം. സജി പറഞ്ഞത് പാര്‍ട്ടി വിടാന്‍തക്ക കാരണമായി തോന്നുന്നില്ല. കേരള കോണ്‍ഗ്രസ് പരിശോധിച്ച് പ്രശ്നം പരിഹരിക്കും. പി.ജെ. ജോസഫ് ഉചിത തീരുമാനമെടുക്കുമെന്നാണ് വിശ്വാസമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കോട്ടയം: എൽ.ഡി.എഫ് മുന്നേറ്റത്തിന്‍റെ പ്രതിഫലനമാണ് സജി മഞ്ഞക്കടമ്പിലിന്‍റെ രാജിയെന്ന് മന്ത്രി വി.എന്‍. വാസവന്‍. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ജില്ലയില്‍ പിടിച്ചുനിര്‍ത്തിയിരുന്നത് മഞ്ഞക്കടമ്പിലായിരുന്നു. യു.ഡി.എഫിന്‍റെ നട്ടെല്ല് സജിയുടെ രാജിയോടെ തകര്‍ന്നു. അടുത്ത തെരഞ്ഞെടുപ്പോടെ വംശനാശം സംഭവിക്കുന്ന പാര്‍ട്ടിയായി ജോസഫ് വിഭാഗം മാറും. യു.ഡി.എഫില്‍നിന്ന് കൂടുതൽപേർ രാജിവെച്ച് പുറത്തുവരുമെന്നും വാസവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.