കണ്ണൂർ: എം.സി ജോസഫൈന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് കൈമാറും. പഠനാവശ്യത്തിനായാണ് മൃതദേഹം വിട്ട് നൽകുന്നത്. എ.കെ.ജി ആശുപത്രിയിലെത്തി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും അന്തിമോപചാരം അർപ്പിക്കും. നേതാക്കൾ ചേർന്ന് ചെങ്കൊടി പുതപ്പിക്കും. തുടർന്ന് വിലാപ യാത്രയായി മൃതദേഹം കൊച്ചിയിലെത്തിക്കും.
രാത്രിയോടെ മൃതദേഹം അങ്കമാലിയിലെ വീട്ടിലെത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം രാവിലെ 8 മണിയോടെ അങ്കമാലി സി.എസ്.ഐ ഓഡിറ്റോറിയത്തിലേക്ക് മാറ്റും. അവിടെ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. ഉച്ചക്ക് ഒരു മണിയോടെ മൃതദേഹം വിലാപയാത്രയായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിന് നൽകും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായാണ് മൃതദേഹം വിട്ടുനൽകുന്നത്.
ഇന്ന് ഉച്ചയോടെയാണ് സി.പി.എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ അന്തരിച്ചത്. ജോസഫൈന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം.
ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. 2016ല്‍ മട്ടാഞ്ചേരിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. 2011ല്‍ കൊച്ചി നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.