കോട്ടയം: കേരള കോൺഗ്രസ് -_എമ്മിെൻറ ഇടതുമുന്നണി പ്രവേശനത്തിന് പച്ചക്കൊടി വീശിയ കത്തോലിക്ക സഭയിലെ ഒരു വിഭാഗം നിർണായക സമയത്ത് ജോസ് കെ. മാണിയെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപണം. കഴിഞ്ഞ ഫെബ്രുവരിയിൽ സഭയിൽ സ്വാധീനമുള്ള പത്രത്തിെൻറ ഓൺലൈൻ എഡിഷൻ നടത്തിയ സർവേ ഫലം എന്ന പേരിൽ കത്തോലിക്ക സമുദായത്തിനിടയിൽ മാണി സി. കാപ്പന് അനുകൂല അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാൻ പുരോഹിതർ അടക്കം ശ്രമിെച്ചന്നാണ് പാർട്ടിയിെല മുതിർന്ന നേതാക്കളുടെ പ്രധാന ആക്ഷേപം.
പാലാ സീറ്റ് എൻ.സി.പിക്ക് നിഷേധിച്ചത് ശരിയാണോ എന്ന ചോദ്യം ഉന്നയിക്കുന്ന സർവേയിൽ തെറ്റാണെന്ന് 74 ശതമാനം ആളുകൾ അഭിപ്രായപ്പെെട്ടന്നായിരുന്നു വാർത്ത. ഇത്തരം ഒരു സർേവ ആര്, എപ്പോൾ, എവിടെ നടത്തി എന്നതിന് മതിയായ വിശദീകരണം ലഭ്യമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗതമായി കത്തോലിക്ക സമുദായത്തിനിടയിൽ പ്രചാരത്തിലുള്ള പത്രമായതിനാൽ വായനക്കാരായ വോട്ടർമാർ മാണി സി. കാപ്പന് അനുകൂലമായി ചിന്തിക്കാൻ വാർത്ത ഇടയാക്കിയെന്ന് ജോസ് കെ. മാണിക്ക് ഒപ്പമുള്ളവർ കരുതുന്നു.
സാമ്പത്തിക സംവരണത്തിൽനിന്ന് സിറോ മലബാർ സഭാംഗങ്ങളെ ഒഴിവാക്കിയെന്ന് ആരോപിച്ച് കത്തോലിക്ക കോൺഗ്രസ് പാലാ രൂപതാ സമിതി വ്യാപക പ്രചാരണം നടത്തിയതും തിരിച്ചടിയായി. ജോസ് വിഭാഗം ഇടതു മുന്നണിയിലെ ഘടകകക്ഷിയായിട്ടും ക്രൈസ്തവരെ ദ്രോഹിക്കുന്ന നിലപാട് തുടരുന്നു എന്നതായിരുന്നു പ്രചാരണത്തിെൻറ കാതൽ. ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചത് ജോസ് കെ. മാണിയുടെ വലിയ നേട്ടമായാണ് കേരള കോൺഗ്രസ് _എം കേന്ദ്രങ്ങൾ അവതരിപ്പിച്ചത്. എന്നാൽ, ഇൗ സമിതിയിൽനിന്ന് സിറോ മലബാർ സഭാംഗങ്ങളെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.
സർക്കാർ തെറ്റ് തിരുത്തിയെങ്കിലും പ്രചാരണം അവസാനിപ്പിച്ചില്ല. ഇതോടൊപ്പം പാലായിലെ പ്രധാന പള്ളികളിലൊന്നായ ളാലം പഴയ പള്ളിയുടെ പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പുകളിൽ യു.ഡി.എഫിന് വോട്ടുചെയ്യാൻ ആഹ്വാനം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പുദിവസം മാത്രമാണ് ഈ സന്ദേശം നിഷേധിച്ച് വികാരി പ്രസ്താവനയിറക്കിയത്. മാത്രമല്ല, ഏറ്റവും കൂടുതൽ സന്യസ്തർക്ക് വോട്ടുള്ള ബൂത്തുകൾക്ക് കീഴിലുള്ള കോൺവൻറുകളിൽ ചില പുരോഹിതർ എത്തി ജോസ് കെ. മാണിക്കെതിരെ പ്രചാരണം നടത്തിയതായും ആരോപണം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.