തൃശൂർ: തിരുവോണ നാളിൽ എല്ലാവരും ആഘോഷിക്കുമ്പോൾ ജോഷി നിരാഹാരമിരിക്കും. കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച 73.75 ലക്ഷം രൂപ കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇരിങ്ങാലക്കുട മാപ്രാണം കുറുപ്പം റോഡ് വടക്കേത്തല വീട്ടിൽ ജോഷി നിരാഹാരമിരിക്കുക. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ വീടിന് മുന്നിലാണ് സമരം. പരിഹാരം ഉണ്ടായില്ലെങ്കിൽ ബാങ്കിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങാനാണ് തീരുമാനം.
ഏറെ കാത്തിരുന്നിട്ടും പണം നൽകാതെ തന്നെ ചതിക്കുന്ന പാർട്ടി നേതൃത്വത്തോടുള്ള പ്രതിഷേധം കൂടിയാണ് സമരമെന്ന് ജോഷി പറയുന്നു. വർഷങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടം, ഉമിനീർ ഗ്രന്ഥിയിലെയും വോക്കൽ കോഡിലെയും ട്യൂമർ എന്നിവയെ തുടർന്ന് 21 തവണ ശസ്ത്രക്രിയക്ക് വിധേയനായ ജോഷി നിക്ഷേപവും കൂട്ടുപലിശയും കോടതിച്ചെലവും ആവശ്യപ്പെട്ടാണ് സമരത്തിനൊരുങ്ങുന്നത്. ഭാര്യയുടെ സ്വർണം വിറ്റ പണവും സഹോദരി ഉൾപ്പെടെ കുടുംബാംഗങ്ങളുടെ പണവും ചേർത്ത് 90 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. കഴിഞ്ഞ ജനുവരിയിൽ ശസ്ത്രക്രിയക്ക് 12 ലക്ഷം ലഭിച്ചു.
ബാക്കി ഒരാഴ്ചക്കകം നൽകുമെന്ന് പറഞ്ഞിരുന്നതാണ്. മൂന്നുമാസത്തിലൊരിക്കൽ കൂട്ടുപലിശ കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷമായി നാല് ശതമാനം വാർഷിക പലിശ മാത്രമാണ് കിട്ടുന്നതെന്ന് ജോഷി പറയുന്നു. ഒമ്പതുലക്ഷം രൂപ നഷ്ടപ്പെട്ടെന്നും ജോഷി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.