കോഴിക്കോട്: സുപ്രഭാതം സീനിയര്‍ സബ് എഡിറ്ററും സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുമായ യു.എച്ച്. സിദ്ദീഖ് (എച്ച്. അബൂബക്കർ- 43) നിര്യാതനായി. കോഴിക്കോടുനിന്ന് കാസര്‍ക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഉടന്‍ കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മംഗളം, തേജസ് എന്നിവിടങ്ങളില്‍ ജോലിചെയ്ത ശേഷമാണ് സുപ്രഭാതത്തിലെത്തിയത്. 2014 ജൂണ്‍ മുതല്‍ സുപ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്ന സിദ്ദീഖ് കോട്ടയം, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളിൽ പ്രവര്‍ത്തിച്ചു. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്, ദക്ഷിണേഷ്യന്‍ ഗെയിംസ്, അണ്ടര്‍ 17 ലോകകപ്പ്, കഴിഞ്ഞമാസം സമാപിച്ച സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് എന്നിവ ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കായികരംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ 2017ലെ ജി.വി രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് നേടി. 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ മികച്ച കായിക റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരങ്ങളും നേടി. സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍ സെക്രട്ടറിയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്.
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ഉരുണിയില്‍ പരേതനായ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ. മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഇടുക്കി വണ്ടിപ്പെരിയാറിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.