തൃശൂർ: മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദേശം. മുൻ എം.എൽ.എ അനിൽ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് തൃശൂർ സിറ്റി എ.സി.പിക്ക് കമീഷണർ നിർദേശം നൽകിയത്.
ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകരിൽനിന്ന് മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു. വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. രാവിലെ 11 മണിക്ക് കമീഷണർ ഓഫിസിലെത്തി മൊഴി നൽകുമെന്ന് അനിൽ അക്കരെ അറിയിച്ചു. തൃശൂരില്‍ പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരെയാണ് സുരേഷ് ഗോപി കൈയേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. എന്‍റെ വഴി എന്‍റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
മുകേഷ് അടക്കമുള്ള നടന്മാർക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ വഴി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിയും തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.