മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചതിന് എൻ. പ്രശാന്തിനെതിരെ കേസെടുക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. ആഴക്കടൽ മത്സ്യ ബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണം തേടിയ മാതൃഭൂമി ലേഖിക എൻ. പ്രവിതയോടാണ് എൻ. പ്രശാന്ത് അപമര്യാദയായി പെരുമാറിയത്.

അശ്ലീല ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നൽകുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത പ്രശാന്തിന്‍റെ നടപടി പ്രതിഷേധാർഹമാണ്. താൽപര്യമില്ലെങ്കിൽ പ്രതികരിക്കാതിരാക്കാം. എന്നാൽ, അശ്ലീല ചുവയുള്ള ചിത്രങ്ങൾ നൽകി അപമാനിക്കാൻ ശ്രമിച്ചത് സിവിൽ സർവീസ് ഉദ്യോഗസ്ഥന്‍റെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല.

ഫേസ്ബുക്കിലൂടെ പ്രശാന്തിന്‍റെ ഭാര്യ ലക്ഷ്മി പ്രശാന്തും മാധ്യമ പ്രവർത്തകരെ ഒന്നാകെ അപമാനിക്കുന്ന പ്രതികരണമാണ് നടത്തിയിരിക്കുന്നത്. ഫോണിൽ വിളിച്ചു കിട്ടാതിരുന്നപ്പോൾ സംസാരിക്കാമോ എന്ന് ആരാഞ്ഞ് മാന്യമായ രീതിയിൽ അയച്ച സന്ദേശത്തിനാണ് മോശമായ രീതിയിൽ എൻ. പ്രശാന്ത് പ്രതികരിച്ചത്. ഇത് വനിതകളോട് മാത്രമല്ല, മാധ്യമ സമൂഹത്തോടും പൗരസമൂഹത്തോടും ഉള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ കേസെടുത്ത് ഉചിതമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി. റജിയും ജനറൽ സെക്രട്ടറി ഇ. എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.  

Tags:    
News Summary - Journalists' union demands prosecution of N Prashant for insulting a journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.