കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് വകകൾ ജപ്തി ചെയ്യുന്ന നടപടിയിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. പി.എഫ്.ഐ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ നഷ്ടം ഈടാക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്നത്. പി.എഫ്.ഐ മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചതെന്നും വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും ജോയ് മാത്യു സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹർത്താൽ, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികൾക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ടെന്നും അവർക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഹൈക്കോടതി വിധി സഹായമാകുമെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം താഴെ
പോപ്പുലർ ഫ്രണ്ട് മാത്രമല്ല കേരളത്തിൽ ഹർത്താലും ബന്ദും നടത്തി പൊതുമുതൽ നശിപ്പിച്ചത് .അതിനും മുൻപേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാർട്ടികളുണ്ട് .അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയാൽ തീർക്കാവുന്ന കടമേ ഇപ്പോൾ കേരളത്തിനുള്ളൂ.
ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കാനപേക്ഷ. ഹർത്താൽ, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികൾക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ട്. അവർക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.