കോഴിക്കോട്: വംശീയതയുടെയും വെറുപ്പിന്റെയും ശക്തികൾക്കെതിരെയുള്ള വിധിയെഴുത്താണ് കർണാടകയിൽ നടന്നിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. മോദിയും അമിത് ഷായും തമ്പടിച്ച് തീവ്ര വംശീയ പ്രചരണം നടത്തിയിട്ടും ഫാഷിസത്തെ കർണാടകയിലെ ജനം പരാജയപ്പെടുത്തിയത് രാജ്യത്തിന് പ്രതീക്ഷ നൽകുന്നതായും അദ്ദേഹം പറഞ്ഞു.
വ്യാജ കഥകളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഗുജറാത്തും യു.പിയുമാക്കി കർണാടകയെ മാറ്റാനുള്ള ഫാഷിസ്റ്റ് പദ്ധതികൾക്ക് കനത്ത തിരിച്ചടി കൊടുത്ത വോട്ടർമാരെ അഭിനന്ദിക്കുന്നു. ജനാധിപത്യ ജാഗ്രതയിലൂടെയും പോരാട്ടത്തിലൂടെയും ഫാഷിസത്തെ രാജ്യാധികാരത്തിൽനിന്ന് തുരത്താനാകുമെന്ന പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കർണാടകയിൽനിന്ന് പുറത്തുവന്നത്. മുസ്‌ലിം-ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ അപരവത്കരിച്ച്, സമൂഹത്തിൽ ധ്രുവീകരണം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. ഹിജാബ് നിരോധനം, ക്രൈസ്തവ ആരാധനാലയങ്ങൾക്ക് എതിരായ ആക്രമണങ്ങൾ, സംവരണ നിഷേധങ്ങൾ തുടങ്ങിയവ ഈ ഉദ്ദേശാർഥത്തിൽ നടപ്പാക്കിയ പദ്ധതികളാണ്.
ആഭ്യന്തര മന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേരളത്തെ അവഹേളിച്ചതാണ്. ചരിത്രത്തെയും ചരിത്ര മനുഷ്യരെയും വികലമാക്കി ചിത്രീകരിച്ച് വിദ്വേഷ കാറ്റ് വിതച്ച് ജയിക്കാമെന്നാണ് ബി.ജെ.പി കരുതിയത്. ഇത്തരം ധ്രുവീകരണ പദ്ധതികളെയാണ് കർണാടകയിലെ വോട്ടർമാർ നിരാകരിച്ചത്. ബി.ജെ.പിയുടെ കർണാടകയിലെ പരാജയം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരുന്നതാണ്. ദേശീയ തലത്തിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറന്തള്ളാൻ യോജിച്ച പ്രതിപക്ഷ മുന്നേറ്റങ്ങൾക്ക് സാധിക്കുമെന്ന പ്രതീക്ഷ കൂടുതൽ ശക്തിപ്പെടുകയാണ്.
ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും വംശീയ ഫാഷിസത്തിനെതിരെയും ജനങ്ങൾ പുലർത്തുന്ന വിയോജിപ്പുകളെ രാഷ്ട്രീയമായി ഏകോപിപ്പിച്ച് സംഘ്പരിവാറിനെതിരെ ആശയതലത്തിലും പ്രായോഗിക തലത്തിലും ശക്തമായ രാഷ്ട്രീയ മുന്നേറ്റങ്ങൾ കെട്ടിപ്പടുക്കണം. കഴിഞ്ഞ കാല അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടും പൊതുസമൂഹത്തിന്റെ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞും ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് സാധിക്കണം.
ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹിക രാഷ്ട്രീയ ഭീഷണിയായ ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തെ അധികാരത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും പുറന്തള്ളാൻ കർണാടക തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.