കൊച്ചി: അതിക്രമക്കേസിൽ നടന്മാരായ മുകേഷ്, ഇടവേള ബാബു, ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. വി.എസ്. ചന്ദ്രശേഖരൻ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തെന്നാണ് മുകേഷിന്റെ പ്രധാന വാദം. ചന്ദ്രശേഖരനും ഇടവേള ബാബുവും ആരോപണങ്ങൾ പൂർണമായി നിഷേധിച്ചു. പ്രോസിക്യൂഷൻ എല്ലാ ജാമ്യാപേക്ഷയെയും എതിർത്ത് ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നും വാദിച്ചു. മണിയൻപിള്ള രാജുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും പരിഗണിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്ന് വിലയിരുത്തി അപേക്ഷ തീർപ്പാക്കിയിട്ടുണ്ട്.
കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സംവിധായകൻ രഞ്ജിത് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചെന്നുമുള്ള നടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് ഹരജിയിൽ പറയുന്നു. പതിനഞ്ചു വർഷം മുൻപ് നടന്നുവെന്ന് ആരോപിക്കുന്ന കാര്യത്തിൽ ഇപ്പോൾ പരാതി നൽകിയത് ദുരുദ്ദേശ്യപരമാണെന്നും രഞ്ജിത് ആരോപിച്ചു. 2009ൽ സിനിമ ചർച്ചക്കായാണ് നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയത്. തന്റെ സഹപ്രവർത്തകരായ നാലുപേരും അവിടെയുണ്ടായിരുന്നു. അസോഷ്യേറ്റ് ശങ്കർ രാമകൃഷ്ണനാണ് നടിയുമായി സംസാരിച്ചത്. എന്നാൽ നടി നൽകിയ ഇ-മെയിൽ പരാതിയിൽ ഇക്കാര്യം മൂടിവെച്ചു. സിനിമയിൽ അവസരം കിട്ടാതെ പരാതിക്കാരിക്ക് നിരാശയുണ്ടായിരുന്നു. തന്നെ കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ പദത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടവരാണ് 15 വർഷം പഴയ സംഭവം മറ്റൊരുവിധത്തിൽ ഊതിക്കത്തിച്ചത്. ഐ.പി.സി 354-ാംവകുപ്പ് പ്രകാരമാണ് കേസ്. ഇത് 2013ന് ശേഷമാണ് ജാമ്യമില്ല കുറ്റമാക്കിയത്. അതിന് മുമ്പ് നടന്ന സംഭവത്തിന്റെ പേരിൽ ജാമ്യമില്ലാത്ത കേസെടുത്തത് മൗലികാവകാശലംഘനമാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.