കെ-ഫോൺ: ഉദ്ഘാടനം അഞ്ചിന്

തിരുവനന്തപുരം: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിന് യാഥാർഥ്യമാകും. വൈകീട്ട് നാലിന് നിയമസഭ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും.

ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭ മണ്ഡലത്തിൽ 100 വീടുകൾ വീതം 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവെക്കുന്നത്. നിലവിൽ 18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി. 7000 വീടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. 748 കണക്ഷൻ നൽകി.

40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷൻ നൽകാൻ കഴിയുന്ന ഐ.ടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റർ ഓപൺ ഗ്രൗണ്ട് വയർ (ഒ.പി.ജി.ഡബ്ല്യു) കേബിളും 19118 കിലോമീറ്റർ ഓൾ ഡയലക്ട്രിക് സെൽഫ് സപ്പോർട്ട് (എ.ഡി.എസ്.എസ്) കേബിളും സ്ഥാപിക്കൽ പൂർത്തിയായി.

കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി -ഒന്ന് ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ (ഐ.എസ്.പി) കാറ്റഗറി ബി യൂനിഫൈഡ് ലൈസൻസും നേരത്തേ ലഭ്യമായിരുന്നു.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - K-FON project to be inaugurated on June 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.